
വ്യത്യസ്തതവും വിചിത്രവുമായ ഒട്ടനവധി വാര്‍ത്തകാണ് ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അടുത്തിടെ യുകെയില്‍ നടന്ന ഒരു സര്‍വ്വേയുടെ ഫലമാണ് ആളുകളെ ഞെട്ടിച്ചിരിക്കുന്നത്. അന്യഗ്രഹ ജീവികളുടെ അസ്തിത്വത്തെ കുറിച്ചായിരുന്നു സര്‍വ്വേ. പക്ഷേ സര്‍വ്വേ ഫലം വന്നപ്പോള്‍ എല്ലാവരും ഞെട്ടി. രാജ്യത്തെ പത്ത് പേരില്‍ ഒരാള്‍ അന്യഗ്രഹ ജീവികളുടെ അസ്തിത്വത്തില്‍ വിശ്വസിക്കുന്നു. മാത്രമല്ല, യുകെ സര്‍ക്കാര്‍ മറച്ചുവെച്ച ഒരു രഹസ്യ അന്യഗ്രഹ താവളം ഉണ്ടെന്നാണെന്നും ഇവര്‍ വിശ്വസിക്കുന്നു. അന്യഗ്രഹജീവികള്‍ ഉണ്ടെന്ന് മാത്രമല്ല, ഇവര്‍ വേഷംമാറി സാധനങ്ങള്‍ വാങ്ങാനും മദ്യശാലകള്‍ സന്ദര്‍ശിക്കാന്‍ പോലും പോകുന്നുണ്ടെന്നും ഇവര്‍ വിശ്വസിക്കുന്നുവെന്ന് പറയുമ്പോഴാണ് ആ വിശ്വാസത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് മനസ്സിലാകുന്നത്.
നേര്‍ത്തേണ്‍ അയര്‍ലന്റിന്റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റിലാണ് ഇത്തരം ഗൂഢാലോചന സിദ്ധാന്തക്കാര്‍ കൂടുതലായി ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനറേഷന് Z എന്നറിയപ്പെടുന്ന 18 മുതല്‍ 26 വരെ പ്രായമുള്ള ആളുകളാണ് ഇത്തരം ഗൂഢാലോചനാ സിദ്ധാന്തക്കാരില്‍ ഭൂരിപക്ഷവും എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ജനറേഷന് Z ലെ ഏതാണ്ട് 15 ശതമാനം പേരും വിശ്വസിക്കുന്നത് അന്യഗ്രഹ ജീവികള്‍ യാഥാര്‍ത്ഥ്യമാണെന്നാണ്. മില്ലേനിയലുകള്‍ എന്നറിയപ്പെടുന്ന 27-നും 42-നും ഇടയില്‍ പ്രായമുള്ളവരില്‍ 10 ശതമാനം പേരും അന്യഗ്രഹ ജീവികളുടെ അസ്തിത്വത്തില്‍ വിശ്വസിക്കുന്നവരാണ്. ബേബി ബൂമറുകള്‍ എന്നറിയപ്പെടുന്ന 59 ന് വയസിന് മുകളിലുള്ള തലമുറയില്‍ 7 ശതമാനം പേര് യുകെയില്‍ ഒരു അന്യഗ്രഹ താവളം ഉണ്ടെന്ന് വിശ്വാസങ്ങളുള്ളൂവെന്നും സര്‍വ്വേ ഫലം അവകാശപ്പെടുന്നു.
ബിംഗോ സൈറ്റായ എംആര്ക്യൂ ( MrQ) യുകെ സ്വദേശികളായ 2,000 പേരില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍. സ്ഥാനപത്തിന്റെ ഒരു സീനിയര്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവായ റോസി മാസ്കെല്‍ സര്‍വ്വേ ഫലത്തേ കുറിച്ച് പറയുന്നത്, 'ഗൂഢാലോചന സിദ്ധാന്തങ്ങളുടെ ലോകത്തേക്ക് കടക്കുന്നത് തീര്‍ച്ചയായും ഒരു കണ്ണ് തുറപ്പിക്കുന്നതാണ്, ധാരാളം ആളുകള്‍ ഒരു രഹസ്യ അന്യഗ്രഹ കോളനിയില്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുന്നത് സത്യം അവിടെയാണ്.' എന്നാണ്. ബെല്‍ഫാസ്റ്റ് കഴിഞ്ഞാല്‍ ലിവര്‍പൂളിലാണ് ഇത്തരം വിശ്വാസികള്‍ കൂടുതലായും ഉള്ളതെന്നും സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു.
ലിവര്‍പൂളിലെ 14 ശതമാനം പേരും അന്യഗ്രഹ ജീവികള്‍ യുകെയില്‍ ഉണ്ടെന്ന് കരുതുന്നു. കാര്‍ഡിഫില്‍ 12 ശതമാനവും, ഷെഫീല്‍ഡ്, ബിര്‍മിംഗ്ഹാം എന്നിവിടങ്ങളില്‍ 13 ശതമാനം പേരും , മാഞ്ചസ്റ്റര്‍, സതാംപ്ടണ് എന്നിവിടങ്ങളില്‍ നിന്ന് 11 ശതമാനം പേരു ഇതേ വിശ്വാസം വച്ച് പുലര്‍ത്തുന്നു. ലണ്ടനില്‍ 9 ശതമാനം പേരും യുകെയിലെ അന്യഗ്രഹ കോളനി സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരാണ്. അതേസമയം തങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചവരില്‍ 12 ശതമാനം പേര് യുഎസിന്റെ അപ്പോളോ മൂണ്‍ ലാന്‍ഡിംഗുകള്‍ വ്യാജമാണെന്ന് വിശ്വസിക്കുന്നു. അതേസമയം 13 ശതമാനം പേര് ഡയാന രാജകുമാരിയുടെ മരണത്തില്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് പങ്കുണ്ടെന്നും കരുതുന്നതായും സര്‍വ്വേ ഫലം അവകാശപ്പെട്ടു.






