
നാലു പതിറ്റാണ്ട് നീണ്ട മലയാള സിനിമാ ലോകത്തിലെ പകരം വയ്ക്കാനില്ലാത്ത നടനായി വളരുമ്പോഴും മോഹൻലാൽ എന്ന പ്രതിഭ ഇപ്പോഴും വീഞ്ഞുപോലെയാണ്. പ്രതിനായകനില്‍ തുടങ്ങി നായകനായി അവതരിച്ച വിസ്മയം പ്രേക്ഷകർ മനസ്സിൽ സൂക്ഷിക്കുന്ന ഒരുപാട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്. താരത്തിന്റെ അഭിനയം മാത്രമല്ല ആക്ഷൻ രംഗങ്ങളും എപ്പോഴും പ്രേക്ഷകർ കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുന്നതാണ്.
ഈ പ്രായത്തിലും താരം ചെയ്യുന്ന ആക്ഷൻ രംഗങ്ങൾ കണ്ടാൽ ആരുമൊന്നു വിസ്മയിച്ചു പോകും. പുലിമുരുകൻ എന്ന സിനിമയിലെ താരത്തിന്റെ ആക്ഷൻ രംഗങ്ങൾ ഏറെ പ്രശംസ നേടിയതാണ്. ആ രംഗങ്ങൾക്ക് വേണ്ടി മോഹൻലാലിനെ ട്രെയിൻ ചെയ്തത് ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്നായിരുന്നു.
ഇപ്പോഴിതാ മോഹൻലാലിന്റെ സംഘട്ടന രംഗത്തെയും അതിനുവേണ്ടി എടുക്കുന്ന സമർപ്പണത്തെയും പ്രശംസിക്കുകയാണ് ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ
സീനിന്റെ പെർഫെക്ഷന് വേണ്ടി ഏതറ്റം വരെയും പോകാൻ മോഹൻലാല്‍ തയ്യാറാണെന്നും, ആക്ഷൻ സീന്‍ പെര്ഫെക്ടായാല് മാത്രമേ അദ്ദേഹത്തിന് തൃപ്തിയാകുകയൊളളൂവെന്നും പീറ്റർ ഹെയ്ൻ പറയുന്നു.
"ലാല്‍ സാറിനെ സംബന്ധിച്ച് സീനിന്റെ പെര്‍ഫെക്ഷനാണ് ഏറ്റവും പ്രധാനം. അതിനു വേണ്ടി ഏതറ്റം വരെയും അദ്ദേഹം പോകും. എത്ര റിസ്കുള്ള സീനാണെങ്കിലും അത് പെര്‍ഫെക്ട് ആക്കാന്‍ വേണ്ടി എത്ര പാടുപെടാനും അദ്ദേഹം തയാറാണ്. ഏറ്റവുമൊടുവില്‍ ആക്ഷന്‍ സീന്‍ പെര്ഫെക്ടായാല് മാത്രമേ അദ്ദേഹത്തിന് തൃപ്തിയാകുള്ളൂ. അതുവരെ ചെയ്തുകൊണ്ടിരിക്കും.
അദ്ദേഹം ചെയ്യുന്നത് എന്താണെന്നുള്ള കൃത്യമായ ബോധ്യമുണ്ട്. നമുക്ക് അതിനെക്കറിച്ച് ആലോചിച്ച് ടെന്‍ഷനാകേണ്ട ആവശ്യമില്ല. അടുത്തിടെ ഞാൻ ലാല്‍ സാറിന് വേണ്ടി ഒരു റോപ്പ് ഷോട്ട് കംപോസ് ചെയ്തു. ആ സെറ്റില്‍ അന്ന് 800 ജൂനിയർ ആർട്ടിസ്റ്റുകളുണ്ട്. ഫൈറ്റേഴ്സ് എല്ലാം എട്ടടി പൊക്കമുള്ള വലിയ ആള്‍ക്കാരായിരുന്നു.
ഹീറോയും ബാക്കി ക്യാരക്ടർ ആർടിസ്റ്റുകളുമെല്ലാം അതിമനോഹരമായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ലാല്‍ സാറിനു വേണ്ടി ചെയ്ത ഷോട്ട് അദ്ദേഹം മറ്റുള്ളവരെക്കാള്‍ ഗംഭീരമായി ചെയ്തു, ഇവിടുന്നു ചാടി അവനെ അടിച്ച് മുകളില്‍ കൂടി ചാടി പോകുന്ന സീൻ ഒരൊറ്റ ഷോട്ടില്‍ അദ്ദേഹം പൂർത്തിയാക്കി. കേരളത്തിലെ എല്ലാവരും ലാല്‍ സാറിനെ ഓർത്ത് അഭിമാനിക്കണം. അത്രയ്ക്ക് ഡെഡിക്കേഷൻ ഉള്ള ആർടിസ്റ്റാണ് അദ്ദേഹം.
ലാല്‍ സാർ ഒരു ഇതിഹാസമാണ് , ഇത്രയും വലിയ ലെജൻഡ് ആയിരുന്നിട്ടും ഒരു ചെറിയ കുട്ടിയുടെ നിഷ്കളങ്കതയോടെ ഒരു പുതിയ ആർടിസ്റ്റിനെപ്പോലെ ഓരോ ആക്ഷൻ സീക്വൻസിനെയും സമീപിക്കും, ഞാൻ പറയുന്നത് ചിലപ്പോ നിങ്ങള്‍ വിശ്വസിക്കില്ല പക്ഷെ ഞാൻ നേരിട്ട് കണ്ട കാര്യമാണ്. അടുത്തിടെ ബെംഗളൂരില്‍ ഷൂട്ടിങ് നടക്കുമ്പോഴായിരുന്നു എനിക്കത് നേരിട്ട് കാണാൻ കഴിഞ്ഞത്... " പീറ്റർ ഹെയ്ൻ പറയുന്നു.
വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രമായ 'കണ്ണപ്പ'യുടെ പ്രമോഷൻ പരിപാടിക്കിടെയാണ് ചിത്രത്തിലെ മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങളെ കുറിച്ച് പീറ്റർ ഹെയ്ൻ പറഞ്ഞത്.
100 കോടിയോളം വരുന്ന ബിഗ് ബഡ്ജറ്റ് ബാനറിലാണ് ചിത്രം ഒരുങ്ങുന്ന കണ്ണപ്പ മുകേഷ് കുമാർ സിംഗാണ് സംവിധാനം ചെയ്യുന്നത്. വിഷ്ണു മഞ്ചു ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ മോഹൻലാലിനെ കൂടാതെ പ്രഭാസ്, അക്ഷയ് കുമാർ, കാജല്‍ അഗർവാള്‍ എന്നിങ്ങനെയുള്ള വമ്പൻ താരനിര തന്നെയുണ്ട്.
ശിവ ഭക്തനായ കണപ്പയുടെ ജീവിതത്തിലെ സാഹസികമായ കഥകളാണ് ചിത്രത്തിലൂടെ പുറത്തുവരുന്നത്. ചിത്രത്തില്‍ കണ്ണപ്പയായി വേഷമിടുന്നത് വിഷണു മഞ്ചുവാണ്. പ്രഭാസായിരിക്കും ചിത്രത്തില്‍ ശിവനായി വരുന്നത്. മലയാള സൂപ്പർ താരം മോഹൻലാലിന്റെ കഥാപാത്രത്തിന്റെ സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വിഷ്ണു മഞ്ചുവും മോഹൻ ബാബുവും ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ
മണി ശർമ്മയും സ്റ്റീഫൻ ദേവസ്സിയും ചേർന്നാണ് സംഗീതം നല്‍കുന്നത്. 24 ഫ്രെയിംസ് ഫിലിം ഫാക്ടറിയുടെ കൂടെ എ. വി. എ പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.






