
ജീവിതത്തില്‍ ചിലപ്പോഴെങ്കിലും ഏകാന്തത അനുഭവിച്ചിട്ടില്ലാത്തതായി ആരും തന്നെ ഉണ്ടാകില്ല. ചിലര്‍ ഇത്തരം ഒറ്റപ്പെടല്‍ ആസ്വദിക്കുമെങ്കിലും മറ്റുചിലര്‍ക്ക് അത് അത്ര സുഖമുള്ള അനുഭവം ആയിരിക്കില്ല. പ്രത്യേകിച്ചും എപ്പോഴും സംസാരിച്ചും മറ്റുള്ളവരോട് ഇടപഴകിയും നടക്കുന്ന ആളുകള്‍ക്ക്. അവര്‍ക്ക് ഇത്തരം ഏകാന്തയെ മറികടക്കുക വലിയ പ്രയാസമായി അനുഭവപ്പെട്ടേക്കാം. എന്തായാലും, ആ ഒറ്റപ്പെടലിനെ മറികടക്കാന്‍ ബംഗളൂരുവിലെ ഒരു സോഫ്റ്റ്വെയര് എഞ്ചിനീയര്‍ കണ്ടെത്തിയ വഴിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
വെങ്കടേഷ് ഗുപ്ത എന്ന യൂസറാണ് എക്സില്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. അതില്‍ പറയുന്നത് 'താന്‍ കോരമംഗലയിലെ മൈക്രോസോഫ്റ്റിലെ 35 വയസ്സുള്ള ഒരു സോഫ്റ്റ്വെയര് എഞ്ചിനീയറെ കണ്ടുമുട്ടി. ആഴ്ചാവസാനങ്ങളിലുണ്ടാകുന്ന ഏകാന്തതയെ ചെറുക്കാന്‍ നമ്മ യാത്ര ഓടിക്കുകയാണ് അയാള്‍' എന്നാണ്. ഒപ്പം ഒരു ചിത്രവും നല്‍കിയിട്ടുണ്ട്. അവധി ദിവസങ്ങളിലെ ഏകാന്തതയെ ചെറുക്കാന്‍ വേണ്ടി ഓട്ടോ ഓടിക്കുന്ന ചെറുപ്പക്കാരന്റെ മുഖം എന്തായാലും ചിത്രങ്ങളില്‍ ഇല്ല.
ഓട്ടോയില്‍ കയറുമ്പോള്‍ ഗുപ്ത ഒരിക്കലും കരുതിക്കാണില്ല ഒറ്റപ്പെടലിനെ മറികടക്കാന്‍ ഓട്ടോയോടിക്കാന്‍ എത്തിയിരിക്കുന്ന ഒരു സോഫ്റ്റ്വെയര് എഞ്ചിനീയറായിരിക്കും തന്റെ ഡ്രൈവര്‍ എന്ന്. അതിജീവിക്കാന്‍ വേണ്ടി ഊബറും ഓലയും ഒക്കെ ഓടിക്കുന്ന അനേകം പേരെ നമ്മള് കണ്ടിട്ടുണ്ടാവും. പണമുണ്ടാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. എന്നാല്‍, ഏകാന്തത സഹിക്കാന്‍ പറ്റാത്തതുകൊണ്ട് ടാക്സിയോടിക്കുന്ന അധികം പേരെയൊന്നും കണ്ടുമുട്ടിയിട്ടുണ്ടാകില്ല. ഏതായാലും, ഗുപ്തയുടെ ട്വീറ്റിന് ഒരുപാട് പേരാണ് കമന്റുകളുമായി എത്തിയത്.
Met a 35 year old staff software engineer at Microsoft in Kormangala driving Namma Yatri to combat loneliness on weekends pic.twitter.com/yesKDM9v2j
— Venkatesh Gupta (@venkyHQ) July 21, 2024






