
തിരുവനന്തപുരം: സി.പി.എമ്മിനും സര്‍ക്കാരിനും അനുകൂലമായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പ്രസ്താവന പുറപ്പെടുവിച്ചത് സി.പി.എം. നിലപാട് കടുപ്പിച്ചതോടെയെന്നു സൂചന. സി.പി.എമ്മും പിണറായി വിജയനും ശൈലി മാറ്റേണ്ട കാര്യമില്ലെന്നായിരുന്നു ഇന്നലെ വെള്ളാപ്പള്ളി പറഞ്ഞത്. എസ്.എന്‍.ഡി.പി. യോഗം തെരഞ്ഞെടുപ്പില്‍ ഇടപെടണമെന്ന സന്ദേശം പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും സി.പി.എം. നല്‍കിയിരുന്നു. ഇതിന്റെ പ്രതിഫലനമാണു വെള്ളാപ്പള്ളിയുടെ വാക്കുകളിലുള്ളതെന്നാണു സി.പി.എം. നിഗമനം.
അതേ സമയം, പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി വിമര്‍ശനത്തിന്റെ മൂര്‍ച്ച കുറയ്ക്കില്ല. ബി.ജെ.പിയുമായുള്ള വെള്ളാപ്പള്ളിയുടെ ബന്ധത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇതിന് ശേഷം ഗോവിന്ദനെ വെള്ളാപ്പള്ളിയും പരിഹസിച്ചു. എന്നാല്‍ പെട്ടെന്ന് വെള്ളാപ്പള്ളി സി.പി.എം അനുകൂല പ്രസ്താവനയുമായി എത്തുകയായിരുന്നു.
‘‘എല്ലാവരും പിണറായിയുടെ ശൈലി മാറ്റണമെന്നാണ് പറയുന്നത്. എന്നാല്‍ പിണറായി ശൈലി മാറ്റേണ്ട യാതൊരു കാര്യവുമില്ല’’ എന്നായിരുന്നു വെള്ളപ്പള്ളിയുടെ പുതിയ പ്രതികരണം. ‘‘പിണറായി ഇതേ ശൈലിയില്‍നിന്നാണ് ആദ്യ അഞ്ചു വര്‍ഷം ഭരിച്ചത്. രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു. അപ്പോഴും അതേ ശൈലിയില്‍ തുടരുന്നു. ശൈലികൊണ്ട് അദ്ദേഹത്തിന് വോട്ട് കുറഞ്ഞിട്ടൊന്നുമില്ല. മൂന്നാം ഊഴവും പിണറായി സര്‍ക്കാര്‍ തുടരുമെന്നതില്‍ സംശയമില്ല. കരുണാകരനും നായനാര്‍ക്കും വി.എസിനും വ്യത്യസ്ത ശൈലിയായിരുന്നു. ഓരോരുത്തരും വരുന്ന സാഹചര്യമാണ് അതിനുകാരണം. പിണറായിയുടെ ശൈലിയുമായി ജനങ്ങള്‍ താദാത്മ്യപ്പെട്ടു. അത് മാറ്റാന്‍ കഴിയില്ല.’’ വെള്ളാപ്പള്ളി പറഞ്ഞു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ കാരണം കണ്ടെത്തി പാര്‍ട്ടി പരിഹാരം കണ്ടെത്തണം. പ്രീണനം നടത്തിയെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ കാര്യത്തോട് അടുത്തപ്പോള്‍ സി.പി.എമ്മിന് വോട്ടു ചെയ്തില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.






