
തിരുവനന്തപുരം: കാണ്ഡഹാര്‍ രീതിയില്‍ ഭീകരരെ മോചിപ്പിക്കാന്‍ വിമാനം റാഞ്ചാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നീ ഏജന്‍സികളുടെ ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് രാജ്യാന്തര വിമാനത്താവളങ്ങളില്‍ സുരക്ഷ കൂട്ടിയിട്ടുണ്ട്.
വിമാനത്താവളങ്ങള്‍ക്ക് 13 കിലോമീറ്റര്‍ ചുറ്റളവില്‍ സായുധ സുരക്ഷ ഏര്‍പ്പെടുത്തിയതിന് പുറമേ വിമാനത്താവള സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിനും ഏതു സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിഐഎസ്എഫ്, വ്യോമസേന കമാന്‍ഡ്, കരസേനാ പോലീസ് സ്റ്റേഷന് എന്നിവയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
രാജ്യാന്തര വിമാനത്താവളങ്ങളില്‍ ഈ മാസം 30 വരെ സന്ദര്‍ശകര്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തി. യാത്രക്കാരെ രണ്ടു തവണ പരിശോധിക്കുന്നതിന് പുറമേ വിമാനത്താവള പരിസരത്തേക്ക് വരുന്ന വാഹനങ്ങളും പരിശോധന നടത്തും. വിമാനത്തില്‍ കയറുന്നതിന് മുമ്പ് യാത്രക്കാരെ രണ്ടു തവണ ദേഹ പരിശോധനയ്ക്കും ബാഗ് പരിശോധനകള്‍ക്കും വിധേയമാക്കും. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശപ്രകാരം കൂടുതല്‍ സിഐഎസ്എഫ് കമാന്റോകളെയും ദ്രുതകര്‍മ്മ സേനാംഗങ്ങളെയും വിമാനത്താവള പരിസരത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.






