
പാരിസ്: പാരിസ് ഒളിംപിക്സിൽ വനിതകളുടെ അമ്പെയ്ത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകള്‍ അസ്തമിച്ചു. വ്യക്തിഗത ഇനത്തില്‍ പ്രതീക്ഷ നല്കി മുന്നേറിയിരുന്ന ഇന്ത്യയുടെ ദീപിക കുമാരി ക്വാർട്ടറിൽ പുറത്ത്. ദക്ഷിണ കൊറിയയുടെ നാം സുഹ്യോനോട് 4–6നാണ് ദീപിക പരാജയപ്പെട്ടത്. മൂന്നാം സെറ്റിൽ മുന്നിട്ടുനിന്ന ശേഷമായിരുന്നു താരം അടിയറവ് പറഞ്ഞത്. മികച്ച പ്രകടനം കാഴ്ച വെക്കാനായെങ്കിലും ദീപികയ്ക്ക് മെഡല്‍ നേട്ടത്തിലെത്താനായില്ല.
ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ സെറ്റില്‍ വിജയത്തോടെയാണ് ദീപിക തുടങ്ങിയത്. നാം സുഹ്യോനെതിരായ മികച്ച പോരാട്ടത്തിനൊടുവില്‍ 28-26ന് ദീപിക വിജയം സ്വന്തമാക്കി. രണ്ടാം സെറ്റില്‍ സുഹ്യോന്‍ ദീപികയെ 25-28ന് വീഴ്ത്തി. മൂന്നാം സെറ്റില്‍ ശക്തമായി തിരിച്ചുവന്ന ദീപിക 29-28 എന്ന സ്കോറിന് വിജയം പിടിച്ചെടുത്തു.
എന്നാല്‍ നാലാം സെറ്റില്‍ സുഹ്യോന്റെ ശക്തമായ തിരിച്ചുവരവാണ് കണ്ടത്. സുഹ്യോന്‍ പോരാട്ടം കടുപ്പിച്ചതോടെ ദീപികയ്ക്ക് 29-27ന് പരാജയം വഴങ്ങേണ്ടിവന്നു. ഇതോടെ 4-4 എന്ന നിലയിലായതോടെ പോരാട്ടം കടുത്തു. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ ദീപിക മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും 27-29 എന്ന സ്കോറിന് പൊരുതി വീഴുകയായിരുന്നു.







Comments