
സംസ്ഥാനത്തെ മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്തും. ഡ്രൈ ഡേയിലെ മദ്യവിതരണത്തിലാണ് മാറ്റം വരുത്താൻ മദ്യനയ കരടിൽ ശുപാർശ നൽകിയത്. മദ്യഷോപ്പുകൾ ഒന്നാം തിയ്യതി മുഴുവനായി തുറക്കില്ല. പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോൺഫറൻസുകൾ, ഡെസ്റ്റിനേഷൻ വെഡിംഗ് എന്നിവടങ്ങളിൽ പ്രത്യേക ഇളവ് അനുവദിക്കും. ചട്ടങ്ങളിൽ മദ്യവിതരണം എങ്ങനെയാകണമെന്നതടക്കം വ്യക്തത വരുത്തും.
ഡ്രൈ ഡേ കാരണം കോടികൾ നഷ്ടം വരുന്നുവെന്ന നികുതി വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് നടപടിയെന്നാണ് കരടിൽ വ്യക്തമാക്കുന്നത്.
ഒന്നാം തിയ്യതി മദ്യവിതരണത്തിന് അനുമതി നൽകണമെന്നും ഡ്രൈ ഡേ ഒഴിവാക്കണമെന്നും ബാർ ഉടമകൾ ഏറെ കാലമായി മുന്നോട്ട് വെക്കുന്ന ആവശ്യമാണ്. എന്നാൽ മദ്യ നയത്തിൽ മാറ്റം വരുത്താനായി പണം പിരിക്കാനുളള ബാർ ഉടമയുടെ ശബ്ദ രേഖ പുറത്ത് വന്നത് വിവാദമായിരുന്നു.






