
അയ്യന്തോള്‍(തൃശൂര്‍): കോടതിമുറിയില്‍നിന്നു രക്ഷപ്പെട്ട പ്രതിയെ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍നിന്ന് ശ്രീലങ്കന്‍ നാവികസേന പിടികൂടി. ജൂലൈ ഒന്നിനു തൃശൂര്‍ സി.ജെ.എം. കോടതിയില്‍നിന്നു രക്ഷപ്പെട്ട ശ്രീലങ്കന്‍ പൗരന് അജിത് കിഷന് പെരേരയാണു പിടിയിലായത്. തൃശൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരിക്കെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ വിചാരണയ്ക്കെത്തിയപ്പോഴാണ് ഇയാള്‍ മുങ്ങിയത്.
വിയ്യൂര്‍ പോലീസ് എടുത്ത കേസാണിത്. കോടതിമുറിയില്‍ പ്രവേശിപ്പിക്കും മുമ്പ് ഇയാളുടെ വിലങ്ങഴിച്ചിരുന്നു. മുറിയില്‍ കടന്ന് അല്‍പ്പം കഴിഞ്ഞപ്പോള്‍ വൈദ്യുതി മുടങ്ങിയ തക്കംനോക്കി പോലീസിനെ വെട്ടിച്ച് പ്രതി കടന്നുകളയുകയായിരുന്നു. ഒളരി പള്ളിക്കു സമീപത്തുനിന്നു സൈക്കിള്‍ മോഷ്ടിച്ച് വാടാനപ്പള്ളി, കൊടുങ്ങല്ലൂര്‍ തീരദേശം വഴി വരാപ്പുഴ പാലം കടന്ന് കൊച്ചിവരെ സഞ്ചരിച്ചതായി വെസ്റ്റ് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനായി നൂറില്‍പരം സിസിടിവികള്‍ പരിശോധിച്ചു.
മട്ടാഞ്ചേരിയിലെത്തിയ പ്രതി മൂന്നുദിവസം ബോട്ട് ജെട്ടിയിലും പരിസരത്തുമായി കഴിഞ്ഞു. പിന്നീട് ജൂലൈ 27 നു അവിടെനിന്നു മുങ്ങി. പിന്നെ തിരുവനന്തപുരത്തും കന്യാകുമാരിയിലുമെത്തി ചില ഹോട്ടലുകളില്‍ ജോലി ചെയ്തു. അതിനുശേഷം മോഷ്ടിച്ച ബോട്ടുമായി ശ്രീലങ്കയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണു പിടിയിലായത്. ശ്രീലങ്കന്‍ നാവിക സേനയുടെ പിടിയിലാകുമ്പോള്‍ ഇയാള്‍ അവശനായിരുന്നു. ശരിയാംവണ്ണം ഇയാള്‍ ഭക്ഷണംപോലും കഴിച്ചിരുന്നില്ല. ദുരൂഹ സാഹചര്യത്തില്‍ ബോട്ട് കടലില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
സിന്തറ്റിക് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഫോര്‍ട്ടുകൊച്ചി പോലീസാണ് ഇയാളെ ആദ്യം അറസ്റ്റ് ചെയ്യുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് കടത്തിലെ മുഖ്യകണ്ണിയായിരുന്നു. പിടിയിലായ ഇയാളെ ശ്രീലങ്കയിലെ ആശുപത്രിയിലേക്കു മാറ്റി. രാജ്യാന്തര ഉടമ്പടിപ്രകാരം പ്രതിയെ ഇന്ത്യയിലെത്തിക്കാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. കോടതിയില്‍നിന്നു മുങ്ങിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ കൃത്യവിലോത്തിനു നടപടി നേരിടുകയാണ്.






