
അമരാവതി: ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ 22 വയസുകാരന് വരുത്തിവെച്ച കോടികളുടെ സാമ്പത്തിക ബാധ്യത തീര്‍ക്കാനാവാതെ ദമ്പതികള്‍ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ നണ്ട്യാല ജില്ലയിലുള്ള അബ്ദുല്ലപുരം ഗ്രാമത്തിലാണ് സംഭവം. പൊലീസ് നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.
അബ്ദുല്ലപുരം സ്വദേശികളായ യു മഹേശ്വര് റെഡ്ഡിയും (45) ഭാര്യയുമാണ് ചൊവ്വാഴ്ച രാത്രി ഗ്രാമത്തിലെ തങ്ങളുടെ ഫാമില്‍ വെച്ച് ജീവനൊടുക്കിയത്. ശീതള പാനീയത്തില്‍ കീടനാശിനി കലര്‍ത്തിയ ശേഷം അത് കുടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാവുന്നതെന്ന് പ്രദേശത്തെ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ആ രമാന്‍ജി നായക് വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.
മകന് ഉണ്ടാക്കിവെച്ച കോടികളുടെ സാമ്പത്തിക ബാധ്യത തീര്‍ക്കാനാവാതെ വന്നപ്പോഴാണ് ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് കോടിയോളം രൂപയുടെ കടമാണ് മകന് ഉണ്ടായിരുന്നത്. ഇത് തീര്‍ക്കാനായി തന്റെ പേരിലുള്ള അഞ്ച് ഏക്കര്‍ ഭൂമി മഹേശ്വര് റെഡ്ഡി വിറ്റു. ശേഷിക്കുന്ന ബാധ്യത തീര്‍ക്കുന്നതിന് നാട്ടുകാരുടെ മദ്ധ്യസ്ഥതയില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം വീടും മറ്റ് ആസ്തികളും വില്‍ക്കുകയും ചെയ്തു.






