
ന്യൂഡൽഹി : ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലേക്ക് തിരിച്ചു. മൊറാർജി ദേശായിക്ക് ശേഷം 45 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്.ഇന്ത്യ – പോളണ്ട് നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികാഘോഷ വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
‘‘ പോളണ്ടുമായി ആഴത്തിൽ വേരോടിയ സൗഹൃദം ഇന്ത്യ സ്നേഹത്തോടെ ചേർത്തുനിർത്തുന്നു. ജനാധിപത്യത്തോടും ബഹുസ്വരതയോടുമുള്ള രണ്ട് രാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധത ഈ ബന്ധത്തെ വീണ്ടും കരുത്തുറ്റതാക്കുന്നു’–പോളണ്ടിലേക്കു പോകും മുൻപ് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
‘‘ പോളണ്ടുമായി ആഴത്തിൽ വേരോടിയ സൗഹൃദം ഇന്ത്യ സ്നേഹത്തോടെ ചേർത്തുനിർത്തുന്നു. ജനാധിപത്യത്തോടും ബഹുസ്വരതയോടുമുള്ള രണ്ട് രാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധത ഈ ബന്ധത്തെ വീണ്ടും കരുത്തുറ്റതാക്കുന്നു’–പോളണ്ടിലേക്കു പോകും മുൻപ് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
റഷ്യ–യുക്രൈൻ യുദ്ധത്തിൽ യുക്രൈനിൽ കുടുങ്ങിയ 4,000 ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ പോളണ്ടിൽനിന്ന് ലഭിച്ച സഹായം വിദേശകാര്യ മന്ത്രാലയം എടുത്തുപറഞ്ഞു. രണ്ടാം ലോകയുദ്ധ കാലത്ത് ആറായിരം പോളിഷുകാർക്ക്ഇന്ത്യ അഭയം നൽകിയ കാലം മുതൽ ആ രാജ്യവുമായി മികച്ച ബന്ധമാണുള്ളതെന്നും മന്ത്രാലയം പറഞ്ഞു.
പോളണ്ടിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. രാജ്യതലസ്ഥാനമായ വാർസോയിൽ ആണ് പ്രധാനമന്ത്രിക്ക് സ്വീകരണം ഒരുക്കിയിട്ടുള്ളത്. വാർസോയിൽ വിവിധ പരിസ്ഥിതി ശാസ്ത്രജ്ഞരുമായും വ്യവസായ പ്രമുഖരുമായും പ്രധാനമന്ത്രി സംവദിക്കും. നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുക, തന്ത്രപര മേഖലകൾ, പ്രതിരോധം, സാംസ്കാരിക രംഗങ്ങളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഓഗസ്റ്റ് 21,22 തീയതികളിൽ പ്രധാനമന്ത്രിയുടെ പോളണ്ട് സന്ദർശനം നടക്കുന്നത്.
അതേസമയം യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി തുടർന്ന് യുക്രൈനിലും എത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ച് 30 വർഷത്തിനിടെ ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈൻ സന്ദർശിക്കുന്നത്.അടിസ്ഥാന മേഖലയിലെ വികസനം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങി എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും ആശയ വിനിമയം നടത്തും.







Comments