
മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രികളാണ് വിന്ദുജ മേനോനും ഭാവനയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. വിന്ദുജ തന്നെയാണ് ചിത്രങ്ങൾ പങ്കിട്ടത്. ഓസ്ട്രേലിയയിലെ ഓണാഘോഷ പരിപാടികൾക്കിടയിൽ പകർത്തിയതാണ് ചിത്രം.
കുറച്ചുദിവസങ്ങളായി ഓസ്ട്രേലിയയിലാണ് ഭാവന. കഴിഞ്ഞ ദിവസം, ഓസ്‌ട്രേലിയയിലെ മെൽബണിൽ നിന്നുള്ള ചിത്രങ്ങളും ഭാവന പങ്കുവച്ചിരുന്നു.
അധികം ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളി മറക്കാത്ത നടിയാണ് വിന്ദുജ മേനോൻ. പവിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രം മാത്രം മതിയാകും വിന്ദുജയെ എന്നും ഓർക്കാൻ. മലയാളികളുടെ മനസ്സിൽ വിങ്ങലായി മാറിയ 'പവിത്രം' എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ചേട്ടച്ചനും ചേട്ടച്ചന്റെ സ്വന്തം മീനാക്ഷിയും അത്രയേറെ ജനപ്രീതി നേടിയ കഥാപാത്രങ്ങളാണ്. അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തെങ്കിലും നൃത്തത്തിൽ ഇപ്പോഴും സജീവമായ വിന്ദുജ മകൾക്കൊപ്പം നൃത്തവേദികളിലും തിളങ്ങാറുണ്ട്.
‘ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ’ എന്ന സിനിമയിൽ ബാലതാരമായി കൊണ്ടാണ് വിന്ദുജ അഭിനയരംഗത്ത് എത്തുന്നത്. നൊമ്പരത്തിപൂവ്, ഞാൻ ഗന്ധർവ്വൻ, ഭീഷ്മാചാര്യ, പിൻഗാമി, തുകോട്ടയിലെ പുതുമണവാളൻ, ആയിരം നാവുള്ള അനന്തൻ, മൂന്നു കോടിയും മുന്നൂറു പവനും, സൂപ്പർമാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ വിന്ദുജ വേഷമിട്ടിട്ടുണ്ട്.
കേരള നാട്യ അക്കാദമിയുടെ സ്ഥാപകയായ കലാമണ്ഡലം വിമലാ മേനോന്റെ മകളായ വിന്ദുജയും അമ്മയുടെ വഴിയെ നൃത്തത്തിലും നൈപുണ്യം നേടിയ കലാകാരിയാണ്. രാജേഷ് കുമാറാണ് ഭർത്താവ്, മകൾ നേഹ. കേരള നാട്യ അക്കാദമിയിൽ ഡാൻസ് അധ്യാപികയായും വിന്ദുജ പ്രവർത്തിക്കുന്നുണ്ട്. വിവാഹശേഷം ഏതാനും സീരിയലുകളിലും റിയാലിറ്റി ഷോകളിലും അതിഥിയായി വിന്ദുജ എത്തിയിരുന്നു.






