
തിരുവനന്തപുരം : എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട ഇ.പി.ജയരാജന് പാര്‍ട്ടിയോട് ഇടഞ്ഞുതന്നെ. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പി പങ്കെടുക്കുന്നില്ല. കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇ.പിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ തീരുമാനിച്ചത്. പിറ്റേന്നു നടന്ന സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഇ.പി നാട്ടിലേക്കു മടങ്ങുകയായിരുന്നു.
നിലവില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമാണ് ജയരാജന്.ഇ.പിക്കെതിരെ അച്ചടക്ക നടപടിയെടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്. എന്നാല്‍ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം ഇ.പിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. മുന്നണി യോഗങ്ങളില്‍ പങ്കെടുക്കാതെ ഇ.പി പ്രതിഷേധത്തിലായിരുന്നു. ആത്മകഥ എഴുതുമെന്നാണ് ഇ.പി.ജയരാജന് അറിയിച്ചിരിക്കുന്നത്. ആത്മകഥ അവസാനഘട്ടത്തിലാണ്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയും തുടര്‍സംഭവങ്ങളുമെല്ലാം ആത്മകഥയില്‍ തുറന്നെഴുതുമെന്നും ജയരാജന് വ്യക്തമാക്കി.-
പ്രകാശ് ജവദേക്കർ ഇ പി ജയരാജൻ കൂടിക്കാഴ്ച തിരഞ്ഞെടുപ്പ് സമയത്ത് വിവാദമായിരുന്നു. ദല്ലാൾ നന്ദകുമാറും ശോഭാ സുരേന്ദ്രനുമായിരുന്നു ഇ പി ജയരാജൻ-പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്തിറങ്ങിയ ഇ പി ജയരാജൻ ജാവദേക്കറെ കണ്ടെന്ന് സമ്മതിച്ചിരുന്നു. തൻ്റെ മകന്റെ വീട്ടില്‍ വന്ന് ജാവദേക്കര്‍ കണ്ടിരുന്നുവെന്ന് ജയരാജൻ സമ്മതിക്കുകയായിരുന്നു.
ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നീക്കിയത്. ഇന്നത്തെ സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ ഇ പി പങ്കെടുത്തില്ല. ഇ പി ജയരാജന് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. ഇ പി നേരത്തെ കണ്ണൂരിലെ വീട്ടിലേക്കെത്തിയെങ്കിലും വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല.






