
ചാലക്കുടി: പരിമിതകളും ഇല്ലായ്‌മകളും മറികടന്ന് കഠിനാധ്വാനത്തിലൂടെ നേടിയ മിന്നുംവിജയം അച്‌ഛനു സമര്‍പ്പിച്ച് വിനായക് നാരായണ്‍.
ഒന്നാംറാങ്കിന്റെ തിളക്കത്തിലും അച്‌ഛന്റെ വേര്‍പാട് വിനായകന്റെ കണ്ണുകളെ ഈറനണിയിക്കുന്നു. പോട്ട കോഞ്ചാത്ത് വീട്ടില്‍ പരേതനായ സജീവ് കുമാര്‍-ഇന്ദുകല ദമ്പതികളുടെ ഏക മകനാണു വിനായക്. ബി ഫാമില്‍ ഒന്നാംറാങ്ക് നേടിയാണ് ഇല്ലായ്‌മകളോടു വിനായക് പകരംവീട്ടിയത്.
പേരാമ്പ്ര അപ്പോളോ ടയേഴ്‌സില്‍ ജീവനക്കാരനായിരുന്ന സജീവന്റെ വേര്‍പാട് വിനായകിനെ തളര്‍ത്തി. എന്നാല്‍ വീട്ടുകാരും അധ്യാപകരും പകര്‍ന്ന പ്രോത്സാഹനം ഈ മിടുക്കന്റെ മനസില്‍ തീക്കനലായി ജ്വലിച്ചു. പഠിച്ച് മിടുക്കനായി നല്ല ജോലിനേടി അമ്മയ്‌ക്കു തുണയാകണമെന്ന ചിന്തയാണ് ഊണിലും ഉറക്കത്തിലും പിന്നെ വിനായകിനെ നയിച്ചത്. അച്‌ഛന്റെ വേര്‍പാടിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യത പഠനത്തിനു തടസ്സമാകുമെന്നായതോടെ വിദ്യാഭ്യാസ ചെിലവുകള്‍ പഠിച്ച സി.സി.കെ.എം. സ്‌കൂള്‍ ഏറ്റെടുത്തു.
പത്താം ക്ലാസിലും പ്ലസ് ടുവിലും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച വിനായക് സ്‌കോളര്‍ഷിപ്പോടെ പാലയിലെ ബ്രില്യന്റ്‌സ് സ്‌റ്റഡി സെന്ററില്‍ ബി ഫാമിനു ചേര്‍ന്നു. ഇവിടെയും പ്രതീക്ഷ തെറ്റിക്കാതെ ഒന്നാം റാങ്ക് നേടി. ഇപ്പോള്‍ നീറ്റ് പരീക്ഷാഫലം പ്രതീക്ഷിച്ചിരിക്കുകയാണ്.






