
ഛണ്ഡീഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ട് മത്സരിക്കുന്നതില്‍ പ്രതികരണവുമായി ബിജെപി നേതാവും ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ്. ഏത് ബിജെപി സ്ഥാനാര്‍ത്ഥി നിന്നാലും വിനേഷിനെ തോല്‍പ്പിക്കാനാകുമെന്ന് ബ്രിജ് ഭൂഷണ് പറഞ്ഞു. തനിക്കെതിരെ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതാണ്. വിഷ്ണോഹര്‍പുരിലെ വസിതിയില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഹരിയാനയിലെ ഏത് നിയമസഭാ സീറ്റില്‍ നിന്ന് മത്സരിച്ചാലും വിനേഷ് ഫോഗട്ട് തോല്‍ക്കും. പാര്‍ട്ടി നിര്‍ദേശം ലഭിച്ചാല്‍ ഹരിയാന തിരഞ്ഞെടുപ്പില്‍ പ്രചാരണം നയിക്കും. സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കും. വിനേഷ് ഫോഗട്ടിന്റെ എതിര് സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയും പ്രചാരണം നടത്താന്‍ തയ്യാറാണ്', ബ്രിജ്ഭൂഷണ് വ്യക്തമാക്കി. ബിജെപി ആവശ്യപ്പെട്ടാല്‍ വിനേഷിനെതിരെ പ്രചാരണം നടത്താന്‍ താന്‍ തയാറാണ്. ചെറിയ സ്ഥാനാര്‍ത്ഥിക്ക് പോലും വിനേഷ് ഫോഗട്ടിനെയും ബജ്റംഗ് പുനിയയെയും പരാജയപ്പെടുത്താനാകുമെന്ന ആത്മവിശ്വാസവും ബ്രിജ് ഭൂഷണ് പങ്കുവെച്ചു.
ഗുസ്തി ഫെഡറേഷന് അധ്യക്ഷനായിരിക്കെ ബ്രിജ് ഭൂഷണ് ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് ചൂണ്ടിക്കാട്ടി ബ്രിജ് ഭൂഷനെതിരെ പ്രതിഷേധത്തിന്റെ ഗോദയില്‍ മുന്‍നിരയിലുണ്ടായിരുന്ന താരങ്ങളാണ് വിനേഷും പുനിയയും. ഇന്നലെയാണ് ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ജുലാന മണ്ഡലത്തില്‍ നിന്നാണ് വിനേഷ് ജനവിധി തേടുന്നത്. ഗുസ്തി താരം ബജ്റംഗ് പുനിയയെ കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനായും തിരഞ്ഞെടുത്തു.






