
ബെംഗളൂരു: മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിച്ചേക്കും. തിരച്ചിലിനായി ഗോവയില്‍ നിന്ന് കൊണ്ടുവരുന്ന ഡ്രഡ്ജര്‍ ലക്ഷ്യസ്ഥാനത്ത് എത്തിയാല്‍ നാല് മണിക്കൂറിനകം പ്രവര്‍ത്തനസജ്ജമാകാന്‍ കഴിയുമെന്നാണ് സൂചനകള്‍. ദുരന്ത മേഖലയില്‍ നാവിക സേനയും ഇന്ന് തിരച്ചില്‍ നടത്തുന്നുണ്ട്.
ബുധനാഴ്ച കാര്‍വാര്‍ തീരത്ത് എത്തിയ ഡ്രഡ്ജര്‍ ഇന്ന് ഷിരൂരില്‍ എത്തിക്കും. ഇരുപത്തിയെട്ടര മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുമുള്ള ഡ്രഡ്ജറിന് വെള്ളത്തിന്റെ അടിത്തട്ടില്‍ മൂന്നടി വരെ മണ്ണെടുക്കാന്‍ കഴിയും. ഒരു ഹിറ്റാച്ചി, ക്രെയിന്‍, പുഴയില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ രണ്ട് ഭാരമേറിയ തൂണുകള്‍ എന്നിവയാണ് ഡ്രഡ്ജറിന്റെ പ്രധാന ഭാഗങ്ങള്‍. ലോറിയുടെ മുകളിലായി കിടക്കുന്ന മുഴുവന്‍ മണ്ണും പാറകല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യുന്നതാണ് പ്രക്രിയ. മണ്ണിനൊപ്പം കൂടിക്കിടക്കുന്ന മരങ്ങള്‍ അടക്കമുള്ളവയും നീക്കണം.
ഈ ജോലികള്‍ക്ക് ഏഴു ദിവസമെങ്കിലും വേണ്ടിവരും. വെളിച്ചക്കുറവിനെ തുടര്‍ന്ന് ഇന്നലെ ഗംഗാവലി പുഴയിലെ രണ്ട് പാലങ്ങള്ക്കിടയില് ഡ്രഡ്ജര്‍ നങ്കൂരമിട്ടിരുന്നു. നാവിക സേനയുടെ സോണാര്‍ പരിശോധനയില്‍ ലോഹ ഭാഗങ്ങള്‍ കണ്ടിടത്താണ് ആദ്യം തെരച്ചില്‍ നടക്കുക. ജൂലൈ 16 ന് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെയും ലോറിയേയും കാണാതായി.
ഓഗസ്റ്റ് 16 നാണ് അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തിവെച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. മോശം കാലാവസ്ഥയും പുഴയിലെ ശക്തമായ അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയായിരുന്നു.






