
ബെയ്റൂട്ട്: ലബനനെയും ഹിസ്ബുള്ളയെയും ഞെട്ടിച്ച സ്ഫോടനപരമ്പരയ്ക്ക് ഉപയോഗിച്ച പേജറുകളും വോക്കിടോക്കികളും വ്യാജമായി നിര്മിച്ചവയെന്നു സംശയം. തായ്വാന് കമ്പനിയായ ഗോള്‍ഡ് അപ്പോളോയാണ് പേജറുകള്‍ നിര്മിച്ചുനല്കിയതെന്നായിരുന്നു പുറത്തുവന്ന വിവരമെങ്കിലും കമ്പനി തന്നെ അക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഗോള്‍ഡ് അപ്പോളോ എന്ന ബ്രാന്‍ഡ് നെയിം ഉപയോഗിക്കാന്‍ അനുമതിയുള്ള മറ്റൊരു കമ്പനിയാണ് പേജറുകള്‍ വിതരണം ചെയ്തതെന്നാണ് കമ്പനി സി.ജി.ഒ. ഹ്സു ചിങ് കുവാങ്ങിന്റെ വിശദീകരണം.
തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍, വ്യത്യസ്ത ആശയവിനിമയ ഉപകരണങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന സ്ഫോടന പരമ്പര ഹിസ്ബുള്ളയെയും ലബനനെയും ആശങ്കയിലാക്കിയിട്ടുണ്ട്. പേജര്‍ സ്ഫോടനത്തിനിടെ മരിച്ചവരുടെ സംസ്കാരച്ചടങ്ങുകള്‍ക്കിടെയും സ്ഫോടനമുണ്ടായി. വോക്കിടോക്കികളും പോക്കറ്റ് റേഡിയോകളുമാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനപരമ്പരയില്‍ ഇതുവരെ 34 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്.
3000 ലധികം പേര്‍ക്കു പരുക്കേറ്റതില്‍ അഞ്ഞൂറോളം പേരുടെ നിലഗുരുതരമാണ്. ഹിസ്ബുള്ളയുടെ ഒട്ടനവധി സീനിയര്‍ നേതാക്കള്‍ പേജര്‍, വോക്കിടോക്കി സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടുവെന്നാണ് സൂചന. നിരവധി ഹിസ്ബുള്ള പ്രവര്‍ത്തകര്‍ക്ക് കാഴ്ചയും കൈകളും നഷ്ടമായി. ആക്രമണത്തിനു പിന്നില്‍ ചാരസംഘടനയായ മൊസാദ് ആണെന്ന് ആരോപണമുയര്‍ന്നെങ്കിലും ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ചയായിരുന്നു ലെബനനില്‍ ഹിസ്ബുള്ളയെ നടുക്കിയ ആദ്യ സ്ഫോടന പരമ്പര. ആയിരക്കണക്കിന് പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു.
തലസ്ഥാനമായ ബെയ്റൂട്ടിലടക്കം സ്ഫോടനമുണ്ടായി. ബുധനാഴ്ച വോക്കിടോക്കികളാണു പൊട്ടിത്തെറിച്ചത്. എന്നാല്‍, സ്ഫോടനപരമ്പരയുടെ കാരണങ്ങള്‍ ഇപ്പോഴും അവ്യക്തമായി തുടരുന്നു. പൊട്ടിത്തെറിച്ച പേജറുകളിലും വോക്കിടോക്കികളിലും നിശ്ചിത അളവില്‍ സ്ഫോടനവസ്തു നിറച്ചിരുന്നതായാണ് ലബനന് കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് അടക്കമുള്ള രാജ്യാന്തര വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. എന്നാല്‍, സ്ഫോടകവസ്തു എപ്പോള്‍, എങ്ങനെ നിറച്ചു എന്നതിന്റെ ചുരുളഴിഞ്ഞിട്ടില്ല.
തായ്വാന് കമ്പനിയായ ഗോള്‍ഡ് അപ്പോളോയാണ് ഈ പേജറുകളുടെ നിര്‍മാതാക്കളെന്ന് സ്ഫോടനങ്ങളുടെ ചിത്രങ്ങള്‍ സഹിതം ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം കമ്പനി സ്ഥാപകന്‍ നിഷേധിച്ചു. ഇതേ നിഗൂഢതയും അവ്യക്തതയുമാണ് വോക്കിടോക്കി സ്ഫോടനങ്ങളുടെ കാര്യത്തിലും സംഭവിച്ചത്. പൊട്ടിത്തെറിച്ച വോക്കിടോക്കികളില്‍ ജപ്പാനീസ് റേഡിയോ ഉപകരണ നിര്‍മാതാക്കളായ ഐക്കോണ്‍ എന്ന കമ്പനിയുടെ ലോഗോയും 'മെയ്ഡ് ഇന്‍ ജപ്പാന്' എന്ന എഴുത്തുമുണ്ടെന്ന് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഈ വോക്കിടോക്കികളുടെ ഉല്പാദനം 2014-ല്‍ അവസാനിപ്പിച്ചതാണെന്നാണ് ഐക്കോണ്‍ കമ്പനി പറയുന്നത്. അവ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ബാറ്ററികളുടെ ഉല്‍പ്പാദനം പോലും നിര്‍ത്തിയെന്നുമാണ് കമ്പനി വിശദീകരിക്കുന്നത്. ഇതാണ് കൂടുതല്‍ സംശയങ്ങളുണ്ടാക്കുന്നതും.
ആദ്യ സ്ഫോടന പരമ്പര നടന്നപ്പോള്‍ തന്നെ പലരും ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിലേക്ക് വിരല്‍ചൂണ്ടിയിരുന്നു. മൊസാദ് അറിയാതെ ഇത്തരമൊരു പൊട്ടിത്തെറി ലെബനനില്‍ നടക്കില്ല എന്നാണ് പലരുടേയും വാദം. തുടര്‍ച്ചയായി രണ്ടു ദിവസം ലെബനനില്‍ നടന്ന സ്ഫോടന പരമ്പരയെ കുറിച്ച് ഇസ്രയേല്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാത്തത് ഈ സംശയം ബലപ്പെടുത്തുന്നുമുണ്ട്.






