
ലണ്ടന്‍: ലബനനിലെ പേജര്‍ സ്ഫോടങ്ങള്ക്കു പിന്നില്‍ ശാസ്ത്രജ്ഞയായ ക്രിസ്റ്റിയാന ബാര്‍സോണി- ആര്സിഡിയക്കോനോ(49)യെന്ന് റിപ്പോര്‍ട്ട്. സംശയനിഴലിലായ നോര്‍വീജിയന്‍ പൗരത്വമുള്ള മലയാളിയുടെ കമ്പനിക്ക് ബള്‍ഗേറിയയുടെ ക്ലീന്‍ ചിറ്റ്. മലയാളിയായ റിന്സന് ജോസിന്റെ ഉടമസ്ഥതയിലുള്ള നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്ന് ബള്‍ഗേറിയയിലെ ദേശീയ സുരക്ഷാ ഏജന്‍സി അറിയിച്ചു. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജില്‍നിന്ന് ഭൗതികശാസ്ത്രത്തില്‍ പി.എച്ച്ഡി നേടിയ ക്രിസ്റ്റിയാനക്ക് ഏഴു ഭാഷകള്‍ സംസാരിക്കാനാകും.
എന്നാല്‍, വിദ്യാഭ്യാസം സംബന്ധിച്ച് ക്രിസ്റ്റിയനയുടെ അവകാശവാദങ്ങള്‍ പൂര്‍ണമായും ശരിയല്ലെന്ന് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ്(എല്‍.എസ്.ഇ) അറിയിച്ചു. പേജറുകള്‍ ലബനനിലേക്ക് അയയ്ക്കാന്‍ ഇടനിലനിന്ന ഹംഗേറിയന്‍ കമ്പനിയായ ബി.എ.സി. കണ്‍സള്‍ട്ടിങ് യഥാര്‍ത്ഥത്തില്‍ ഇസ്രയേലി ചാരസംഘടനയായ മൊസാദിന്റെ നിയന്ത്രണത്തിലാണെന്നാണു രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.
ക്രിസ്റ്റിയാന ബാര്‍സോണി-ആര്സിഡിയക്കോനോയാണ് ആ സ്ഥാപനം നടത്തിയിരുന്നത്. എന്നാല്‍, ഗൂഢാലോചനയെക്കുറിച്ച് അറിയില്ലെന്നാണ് അവരുടെ നിലപാട്. 'എന്റെ സ്ഥാപനം പേജറുകള്‍ നിര്‍മിക്കുന്നില്ല. ഞങ്ങള്‍ ഒരു ഇടനിലക്കാരര് മാത്രമാണ്'- അവര്‍ പറഞ്ഞു. ബി.എ.സി.യുടെ വെബ് സൈറ്റില്‍ പ്രകൃതിദൃശ്യങ്ങള്‍, ബിസിനസ്സ് പദപ്രയോഗങ്ങള്‍, ആല്‍ബര്‍ട്ട് ഐന്സ്റ്റൈന്, ലിയോനാര്‍ഡോ ഡാവിഞ്ചി എന്നിവരുടെ ഉദ്ധരണികള്‍ എന്നിവയാണുള്ളത്. പേജറുകളുടെ പരസ്യമില്ല എന്നത് ശ്രദ്ധേയം.
വിവാദത്തെ തുടര്‍ന്നു വെബ്സൈറ്റിലെ ഉള്ളടക്കം നീക്കം ചെയ്തു. കമ്പനിയുടെ ആസ്ഥാനം ബുഡാപെസ്റ്റിലെ ശൂന്യമായ ഒരു ഫ്ളാറ്റായിരുന്നു. ഹിസ്ബുള്ളയുടെ നീക്കങ്ങള്‍ മനസിലാക്കി ഇസ്രയേലാണു'ഡമ്മി കമ്പനി' സ്ഥാപിച്ചെന്നുമാണു വിലയിരുത്തല്‍. ഇസ്രയേലി രഹസ്യാന്വേഷണത്തില്‍ ഉപകരണങ്ങള്‍ സൃഷ്ടിക്കുന്ന ആളുകളുടെ യഥാര്‍ത്ഥ ഐഡന്റിറ്റികള്‍ മറച്ചുവയ്ക്കുകയായിരുന്നു ക്രിസ്റ്റിയനയുടെ പങ്ക്.
ഇറാന് പിന്തുണയുള്ള ഹിസ്ബുള്ള നേതാവ് ഹസ്സന് നസ്റുല്ല പേജറുകളും വാക്കി-ടോക്കികളും ഉപയോഗിക്കാന്‍ ഉത്തരവിടുന്നതിനു വളരെ മുമ്പുതന്നെ മൊസാദ് ഈ പദ്ധതി തയാറാക്കിയിരുന്നു. എങ്കിലും മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാനുള്ള ഹസ്സന് നസ്റുല്ലയുടെ ആഹ്വാനം പേജര്‍ ഉത്പാദനം വര്‍ധിക്കാന്‍ കാരണമായി. ആയിരക്കണക്കിന് കച്ചവടക്കാര്‍ ലെബനനില്‍ എത്തുകയും പേജര്‍ വിത്പനയ്ക്കായി ഹിസ്ബുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ മാര്‍ഗത്തിലൂടെയാകാം ക്രിസ്റ്റിയാന പേജര്‍ വിത്പന ഉറപ്പാക്കിയത്.
അവരുടെ ബിസിനസ് തന്ത്രങ്ങള്‍ എന്നും രഹസ്യമായിരുന്നെന്നു മുന്‍ കാമുകന് ഡെയ്ലി മെയിലിനോട് പറഞ്ഞു. 2022 മേയിലാണു കമ്പനി സ്ഥാപിച്ചത്. ബിസിനസിനെക്കുറിച്ചു അടുപ്പമുള്ളവരോട് പറയാന്‍ പോലും അവര്‍ വിസമ്മതിച്ചു. ഇറ്റലിയിലെ സിസിലി സ്വദേശിയാണു ക്രിസ്റ്റിയന. അവരുടെ അമ്മ ഇപ്പോഴൂം ഇറ്റലിയിലാണു താമസിക്കുന്നത്.
മലയാളിയായ റിന്സന് ജോസിന്റെ ഉടമസ്ഥതയിലുള്ള നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്ന് ബള്‍ഗേറിയയിലെ ദേശീയ സുരക്ഷാ ഏജന്‍സി അറിയിച്ചു. റിന്‍സന്റെ കമ്പനി മുഖാന്തിരമാണ് ഹിസ്ബുള്ള പേജറുകള്‍ വാങ്ങിയതെന്ന് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, റിന്‍സന്റെ കമ്പനി ആശയവിനിമയോപാധിയായ ഒരു ഉപകരണവും നിര്‍മിച്ചിട്ടില്ലെന്ന് ബള്‍ഗേറിയന്‍ ദേശീയ സുരക്ഷാ ഏജന്‍സി വ്യക്തമാക്കി. മാധ്യമങ്ങള്‍ ആരോപിക്കുന്നതുപോലെ ഉപകരണങ്ങളുടെ കയറ്റുമതിയോ ഇറക്കുമതിയോ നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ് നടത്തിയിട്ടില്ല. റിന്‍സണോ കമ്പനിയോ ഹിസ്ബുള്ള ഉള്‍പ്പെടെയുള്ളവരുമായി അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിനു തെളിവില്ല.
ലെബനീസ് സ്ഫോടനങ്ങളില്‍ ഉള്‍പ്പെട്ട പേജറുകള്‍ കമ്പനി നിര്‍മിച്ചതാണെന്ന ആരോപണം ശക്തമായതോടെ ആഭ്യന്തരമന്ത്രാലയത്തിനൊപ്പം സംയുക്ത അന്വേഷണം നടത്തി. ഇതില്‍ നിയമവിരുദ്ധമായതൊന്നും കണ്ടെത്താനായില്ലെന്ന് ബള്‍ഗേറിയയിലെ ദേശീയ സുരക്ഷാ ഏജന്‍സി ഡി.എ.എന്‍.എസ്. വ്യക്തമാക്കി. ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയ കേന്ദ്രീകരിച്ചാണ് നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡിന്റെ പ്രവര്‍ത്തനം.
2022 ഏപ്രിലിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇരുനൂറോളം ഇതര കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന സോഫിയയിലെ ഒരു കെട്ടിടമാണ് കമ്പനിയുടെ ഓഫീസ്. ദുരൂഹമായ 1.6 മില്യണ്‍ യൂറോയുടെ സാമ്പത്തിക ഇടപാടുകളാണ് നോര്‍ട്ട ഗ്ലോബലിനെ സംശയനിഴലിലാക്കിയതെന്ന് ബള്‍ഗേറിയയിലെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഫസ്റ്റ്പോസ്റ്റ്'' റിപ്പോര്‍ട്ട് ചെയ്തു. ഹംഗറിയിലെ ഒരു കേന്ദ്രത്തിലേക്കുള്ള ഈ വന്‍തുകയുടെ കൈമാറ്റത്തില്‍ നോര്‍ട്ട ഗ്ലോബലിനും പങ്കാളിത്തമുണ്ടെന്ന് ബള്‍ഗേറിയന്‍ ദേശീയമാധ്യമമായ ബി.ടിവി വെളിപ്പെടുത്തിയിരുന്നു.
സോഫിയയിലെ ഓഫീസിലെത്തിയപ്പോള്‍ സ്ഥാപനം സക്രിയമാണെന്നതിനു തെളിവുകള്‍ ലഭിച്ചില്ല. കമ്പനിയുടെ വെബ്സൈറ്റ് കഴിഞ്ഞ 19 ന് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായതു സംശയം ഇരട്ടിയാക്കി. നീക്കം ചെയ്യപ്പെടുംമുമ്പ് ഇംഗ്ലീഷ്, ബള്‍ഗേറിയന്‍, നോര്‍വീജിയന്‍ ഭാഷകളില്‍ തങ്ങള്‍ നല്കുന്ന സേവനങ്ങള്‍ വെബ്സൈറ്റില്‍ സൂചിപ്പിച്ചിരുന്നു. കണ്‍സള്‍ട്ടിങ്, ടെക്നോളജി സേവനദാതാക്കളാണെന്നായിരുന്നു വെബ്സൈറ്റിലുണ്ടായിരുന്നതെന്നും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു.






