
തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ കണക്കുകള്‍ എന്ന പേരില്‍ പുറത്തുവന്ന മാധ്യമറിപ്പോര്‍ട്ടുകളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി. നടക്കുന്നത് നശീകരണ മാധ്യമപ്രവര്‍ത്തനമാണെന്നും മാധ്യമ നുണകള്‍ക്ക് പിന്നിലെ അജണ്ടകള്‍ ചര്‍ച്ചയാകണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങള്‍ നല്കി സംശയത്തിന്റെ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു.
മാധ്യമങ്ങളിലൂടെ പുറത്തുവന്നത് സര്‍ക്കാര്‍ തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ വിവരങ്ങളാണെന്നും അതിനെ ചെലവിന്റെ കണക്കാക്കി തെറ്റായ വിവരമാണ് നല്‍കിയതെന്നും പറഞ്ഞു. മെമ്മോറാണ്ടത്തില്‍ ഉള്ളത് പെരുപ്പിച്ച കണക്കുകളല്ല. അതിലെ ആക്വച്ചല്സിനെ ചെലവാക്കിയ പണമായിട്ടാണ് മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചത്. മെമ്മോറാണ്ടം മനക്കണക്കുകളില്‍ തയ്യാറാക്കാന്‍ കഴിയുന്നതല്ലെന്നും പറഞ്ഞു.
പ്രൊഫഷണലുകളാണ് മെമ്മോറാണ്ടം തയ്യാറാക്കുന്നത്. അതിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമായിരുന്നു. അതിന് പകരം വളച്ചൊടിച്ച വാര്‍ത്ത നല്കി ജനങ്ങളെ സര്‍ക്കാരിനെതിരാക്കാന്‍ നോക്കി. സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രചരണം നടന്നു. വയനാട്ടില്‍ നടന്നത് ലോകം പ്രകീര്‍ത്തിച്ച രക്ഷാപ്രവര്‍ത്തനമാണ്. എന്നാല്‍ വ്യാജവാര്‍ത്തയില്‍ കേരളം ലോകത്തിന് മുന്നില്‍ തലകുനിക്കപ്പെട്ടു. ദുരിതാശ്വാസനിധിയിലേക്കുള്ള പണമൊഴുക്ക് തടയുകയായിരുന്നു ഇത്തരം ശ്രമങ്ങളുടെ ലക്ഷ്യം.
വിദഗ്ദ്ധര്‍ മാനദണ്ഡപ്രകാരം തയ്യാറാക്കിയ കണക്കിനെ തെറ്റാണെന്ന് വ്യാഖ്യാനിച്ചു. മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാര്‍ അല്ല. അത് ചെയ്യുന്നത് പ്രൊഫഷണല്‍സാണ്. മാധ്യമങ്ങള്‍ക്ക് വേണമെങ്കില്‍ അന്വേഷിക്കാമായിരുന്നു. അതു ചെയ്യാതെ പ്രഫഷണലുകള്‍ തയ്യാറാക്കിയ കണക്കിനെ കള്ളക്കണക്കാക്കി അവര്‍ വ്യാഖ്യാനിച്ചു. യാഥാര്‍ത്ഥ്യം എന്തയാണെന്ന് അന്വേഷിക്കാന്‍ പോലും മാധ്യമങ്ങള്‍ തയ്യാറായില്ല. കേരളം അനര്‍ഹമായ സഹായം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥയുണ്ടാക്കി പ്രചരിപ്പിക്കുകയായിരുന്നു ചെയ്തത്. വ്യാജപ്രചരണങ്ങള്‍ ദുരന്തബാധിതര്‍ക്ക് എതിരേയുള്ള കടന്നാക്രമണമാണ്. മാധ്യമങ്ങള്ക്കെതിരേ നിയമനടപടി സ്വീകരിക്കേണ്ട സാഹചര്യമാണെന്നും പറഞ്ഞു.






