
ഹജ്ജ് തീര്‍ഥാടനത്തിന്റെ മറവില്‍ യാചകരെ കയറ്റി വിടുകയാണെന്നും രാജ്യത്ത് എത്തുന്ന പാകിസ്ഥാന് ഭിക്ഷക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നടപടിയെടുക്കണമെന്ന് പാകിസ്താന് സൗദി അറേബ്യയുടെ മുന്നറിയിപ്പ്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ പാക്കിസ്ഥാനി ഉംറ, ഹജ്ജ് തീര്‍ഥാടകരെ പ്രതികൂലമായി ബാധിക്കുമെന്നും സൗദി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഉംറ വിസയില്‍ പാകിസ്ഥാന് ഭിക്ഷാടകര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സൗദി ഹജ്ജ് മന്ത്രാലയം പാകിസ്ഥാന് മതകാര്യ മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കിയതായി പാക് മാധ്യമങ്ങള്‍ പറയുന്നു. മതപരമായ തീര്‍ത്ഥാടനത്തിന്റെ മറവില്‍ സൗദി അറേബ്യയിലേക്ക് യാചകര്‍ യാത്ര ചെയ്യുന്നത് തടയാന്‍ പാകിസ്ഥാന് സര്‍ക്കാരിനോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന് മറുപടിയായി, ഉംറ യാത്രകള്‍ സുഗമമാക്കുന്ന ട്രാവല്‍ ഏജന്‍സികളെ നിയന്ത്രിക്കാനും അവരെ നിയമപരമായ മേല്‍നോട്ടത്തില്‍ കൊണ്ടുവരാനും ലക്ഷ്യമിട്ടുള്ള ഒരു 'ഉംറ നിയമം' അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് പാകിസ്ഥാന് മതകാര്യ മന്ത്രാലയം. മെയ് മാസത്തില്‍, അനുമതിയില്ലാതെ ഹജ്ജ് നടത്തുന്നത് നിരോധിച്ചുകൊണ്ട് സൗദി സര്‍ക്കാര്‍ ഫത്വ ഇറക്കിയിരുന്നു.
ഇത് ലംഘിക്കുന്ന സന്ദര്‍ശകര്‍ക്ക് 10,000 റിയാല്‍ (ഏകദേശം 2.22 ലക്ഷം രൂപ) പിഴയും നാടുകടത്തലും നിശ്ചയിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സൗദി അറേബ്യയിലേക്കുള്ള വിമാനത്തില്‍ നിന്ന് ഇറങ്ങിയ തീര്‍ഥാടക വേഷം ധരിച്ച 16 യാചകരെ ഗള്‍ഫ് രാജ്യത്തേക്ക് ഭിക്ഷാടനം നടത്താന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം വിദേശ രാജ്യങ്ങളില്‍ പിടിയിലായ ഭിക്ഷാടകരില്‍ 90 ശതമാനവും പാകിസ്ഥാനില്‍ നിന്നുള്ളവരായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.






