
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം പോലീസ് കമ്മീഷണര്‍ ഓഫീസിലാണ് ഹാജരായത്. കഴിഞ്ഞ ദിവസം കേസില്‍ സിദ്ദിഖിന് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
രണ്ടാഴ്ചയ്ക്കുശേഷം സുപ്രീം കോടതി കേസ് പരിഗണിക്കുന്ന സാഹചര്യത്തിലാണു ചോദ്യംചെയ്യല്‍. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കഴിഞ്ഞദിവസം സിദ്ദിഖിന് നോട്ടീസ് നല്‍കിയിരുന്നു. തിരുവനന്തപുരം നാര്‍ക്കോട്ടിക് സെല്‍ എ.സിയാണു നോട്ടീസ് നല്‍കിയത്. ഇന്നു തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിനെത്തണമെന്നാണ് നിര്‍ദേശം.
അവധികഴിഞ്ഞു സുപ്രീം കോടതി 14 നാണു തുറക്കുന്നത്. 22 നു കേസ് പരിഗണിക്കുമെന്നാണു സൂചന. ചോദ്യം ചെയ്യലിനു ഹാജരാകാമെന്ന് ഇ മെയില്‍ വഴി സിദ്ദിഖ് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.
സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അന്തിമ ഉത്തരവ് വന്നശേഷം മതി ചോദ്യംചെയ്യല്‍ എന്നായിരുന്നു പോലീസിന്റെ ആദ്യ തീരുമാനം. എന്നാല്‍, പ്രതി ആവശ്യപ്പെട്ടിട്ടും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചില്ലെങ്കില്‍ അതു സുപ്രീം കോടതിയുടെ വിമര്‍ശനത്തിനു കാരണമായേക്കാമെന്നു വിലയിരുത്തിയാണ് ഉടന്‍ തന്നെ ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്.
സുപ്രീം കോടതിയില്‍നിന്നും ഇടക്കാല ജാമ്യം നേടി ദിവസങ്ങള്‍ക്കു ശേഷമാണു സിദ്ദിഖിനെ ചോദ്യംചെയ്യാനുള്ള നീക്കം നടക്കുന്നത്. സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് അന്വേഷണ സംഘത്തിനും നടനും ഒരുപോലെ പ്രധാനമാണ്.
സുപ്രീം കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ ഇരുകൂട്ടരും എന്തു നിലപാട് സ്വീകരിക്കുന്നു എന്നത് ചോദ്യംചെയ്യലിന്റെ കൂടി അടിസ്ഥാനത്തിലാവും. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചില്ലെങ്കില്‍ അതു സുപ്രീം കോടതിയില്‍ ഉന്നയിക്കാനായിരുന്നു സിദ്ദിഖിന്റെ പദ്ധതി.
കേസില്‍ സുപ്രീം കോടതി രണ്ടാഴ്ചത്തേക്കു നടന്റെ അറസ്റ്റ് തടഞ്ഞിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ ഒളിവിലായിരുന്ന സിദ്ദിഖ് സുപ്രീംകോടതി ഉത്തരവോടെയാണ് പുറത്തിറങ്ങിയത്.






