
ആലപ്പുഴ: തോട്ടപ്പള്ളിയിൽ കടൽ നൂറുമീറ്ററോളം ഉൾവലിഞ്ഞുവെന്ന് നാട്ടുകാർ. വൈകിട്ട് 4മണിയോടെയാണ് കടൽ ഉൾവലിഞ്ഞത്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞും കടലിപ്പോഴും ഇതേ അവസ്ഥയിൽ തുടരുകയാണ്. ഇന്നലെ ആലപ്പുഴയിലെ വിവിധയിടങ്ങളിൽ കടലാക്രമണമുണ്ടായിരുന്നു.
അതേസമയം, സംസ്ഥാനത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. തീരദേശ ജില്ലകളിൽ റെഡ് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തൃക്കുന്നപ്പുഴ, അമ്പലപ്പുഴ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറിയതിനാൽ നാട്ടുകാരുടെ പ്രതിഷേധവും ഉയരുന്നുണ്ട്. തോട്ടപ്പള്ളിയിൽ നിന്ന് 500 മീറ്റർ തെക്ക് മാറി പല്ലന തീരത്ത് കടൽക്ഷോഭവുമുണ്ടായിട്ടുണ്ട്.
താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത വേണം
തിരുവനന്തപുരം: കാപ്പിൽ മുതൽ പൂവാർ വരെ
കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ
തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ
കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ
കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ
തമിഴ്നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം.






