
ബംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 46 റണ്‍സിന് പുറത്ത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റിയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ അടിവേരറുത്തത്. ഹോം ഗ്രൗണ്ടില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ ഇന്നിങ്സ് സ്കോറാണിത്. 20 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. യശ്വസ്വി ജയ്സ്വാള്‍ (13) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍. സൂപ്പര്‍ താരം വിരാട് കോഹ്ലി, സര്‍ഫറാസ് ഖാന്, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജദേജ, ആര്. അശ്വിന് എന്നിവര്‍ സംപൂജ്യരായിരുന്നു.
ഈര്‍പ്പം നിറഞ്ഞ പിച്ചില്‍ അമിത ആത്മവിശ്വാസത്തോടെ ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് സ്കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ടിം സൗത്തി എറിഞ്ഞ ഏഴാം ഓവറിലെ മൂന്നാം പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് നായകന് രോഹിത് ശര്‍മ മടങ്ങിയത്. 16 പന്തുകളില്‍ നിന്ന് രണ്ട് റണ്‍സ് മാത്രമാണ് നേടാനായത്.പിന്നാലെയെത്തിയ വിരാട് കോഹ്ലി ഒമ്പത് പന്തുകള്‍ നേരിട്ടെങ്കിലും റണ്ണൊന്നും കണ്ടെത്താനായില്ല. ഗ്ലെന്‍ ഫിലിപ്സിന് ക്യാച്ച് നല്കി താരം മടങ്ങിയതോടെ സ്കോര്‍ രണ്ട് വിക്കറ്റ്' നഷ്ടത്തില്‍ ഒമ്പത് എന്ന നിലയിലായി.
പിന്നാലെ സര്‍ഫറാസ് ഖാനും വീണതോടെ സ്കോര്‍ മൂന്നിന് പത്ത് റണ്‍സ് എന്ന നിലയിലായി. ക്ഷമയോടെ പിടിച്ചുനിന്ന യശ്വസ്വി ജയസ്വാള്‍ 21-ാം ഓവറില്‍ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. 63 പന്തില്‍ 13 റണ്‍സാണ് താരം നേടിയത്.
റണ്ണൊന്നും കണ്ടെത്താനാകാതെ രാഹുലും ജദേജയും മടങ്ങിയതോടെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. ആര്. അശ്വിന് നേരിട്ട ആദ്യ പന്തില്‍ ഗ്ലെന്‍ ഫിലിപ്സിന് ക്യാച്ച് നല്കി പുറത്തായി. വൈകാതെ പന്തും മടങ്ങിയതോടെ ഇന്ത്യയുടെ ബാറ്റിങ് പ്രതീക്ഷകള്‍ അവസാനിച്ചു. ജസ്പ്രീത് ബുംറക്ക് ഒരു റണ്‍സ് മാത്രമാണ് നേടാനായത്.




