
തലശ്ശേരി : എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ കേസില്‍, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യം നൽകിയില്ല. ഒറ്റ വരിയിൽ ആയിരുന്നു ജഡ്ജി വിധി പ്രസ്താവിച്ചത്. തലശ്ശേരി കോടതിയാണ് വിധി പറഞ്ഞത്. നവീൻ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ ജാമ്യഹർജിയില്‍ വിധി. കേസില്‍ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് ദിവ്യക്കെതിരെ കേസെടുത്തത്.
38 പേജ് ഉള്ള വിധിയാണ് ദിവ്യക്കെതിരെ കോടതി പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. മുൻകൂർ ജാമ്യം നൽകുന്നത് തെറ്റായ സന്ദേശമാണ് എന്നും ദിവ്യയുടെ പ്രവർത്തി പ്രത്യാഘാതം മനസ്സിലാക്കിയാണ് എന്നും വിധിയിൽ പറയുന്നു. പ്രതിയുടെ പ്രതിച്ഛായ നോക്കി ഒരിക്കലും വിധി പ്രസ്താവിക്കാൻ കഴിയില്ലാതെ തെറ്റായ സന്ദേശം സമൂഹത്തിന് നൽകുമെന്നും വിധിയിൽ പറയുന്നു. പ്രതിക്ക് സാക്ഷികളെ സ്വാധീനിക്കാൻ കഴിയുമെന്നും മുൻകൂർ ജാമ്യ അപേക്ഷ റദ്ദാക്കിയ വിധിയിൽ പറയുന്നു.
ദിവ്യയുടെ പ്രവർത്തി ഏറെ ഗൗരവമുള്ളതാണ് എന്നും കോടതി വിധി പ്രസ്താവത്തിലൂടെ വിലയിരുത്തി. ദിവ്യ ക്ഷണിക്കാതെയാണ് എത്തിയത് എന്നും മുൻകൂർ ജാമ്യ അപേക്ഷ തള്ളിയിരിക്കുന്ന വിധിയിൽ പറയുന്നു. കൂടാതെ സാധാരണ ജാമ്യത്തിന് പോലും ഇവർക്ക് അർഹതയില്ലെന്നും ജാമ്യം നിഷേധിച്ച ഉത്തരവിൽ പറയുന്നുണ്ട്. വിധി വന്നതിൽ പിന്നെ കണ്ണൂരിൽ പ്രതിഷേധ പരിപാടി ശക്തമാവുകയാണ്. യൂത്ത് കോൺഗ്രസും മുസ്ലിം ലീഗും ഉൾപ്പെടെയുള്ള പാർട്ടിക്കാർ പ്രതിഷേധവുമായി കലക്ടറേറ്റിനു മുമ്പിലേക്കും ജില്ലാ പഞ്ചായത്ത് ഓഫീസിൽ മുമ്പിലേക്കും എത്തി.
പോലീസ് പ്രതിഷേധവുമായി വന്ന ആളുകളെ ബലം പ്രയോഗിച്ച് നീക്കുകയാണ്. ദിവ്യയെ ഒരുതരത്തിലും സംരക്ഷിക്കില്ല എന്ന് എം വി ഗോവിന്ദൻ പറയുന്നുണ്ട് എങ്കിലും പ്രശ്നത്തിൽ എങ്ങനെ പാർട്ടി നേരിടുമെന്ന് കണ്ടറിയണം. വിധി വന്നതിൽ പിന്നെ ദിവ്യ കീഴടങ്ങും എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. കഴിഞ്ഞദിവസം ദിവ്യ പയ്യന്നൂർ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയിരുന്നു.






