
ന്യുഡല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ പത്മ പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. മലയാളികളുടെ അഭിമാനമായ ഗാനഗന്ധര്വ്വന് കെ.ജെ യേശുദാസ്, കഥകളി ആചാര്യന് ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, വടകര കടത്തുനാടന്‍ കളരി സംഘത്തിലെ മീനാക്ഷി ഗുരുക്കള്‍, ഹോക്കി താരം പി.ആര് ശ്രീജേഷ് തുടങ്ങിയവര്‍ പത്മ പുരസ്കാര പട്ടികയില്‍ ഇടംപിടിച്ചതായാണ് സൂചന.
പത്മവിഭൂഷന് പുരസ്കാരത്തിനുള്ള അന്തിമ പട്ടികയിലാണ് യേശുദാസ് ഇടംപിടിച്ചിരിക്കുന്നത്. ചേമഞ്ചേരിയും മീനാക്ഷി ഗുരുക്കളും, ശ്രീജേഷും പത്മശ്രീ പട്ടികയിലാണ്. കഴിഞ്ഞ 68 വര്‍ഷമായി കളരി രംഗത്തുള്ള മീനാക്ഷി കുരുക്കളെ 'പ്രകീര്‍ത്തിക്കപ്പെടാത്ത പ്രതിഭകള്‍' എന്ന പേരിലാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
മുന്‍ കേന്ദ്രമന്ത്രിമാരായ ശരത് പവാര്‍, മുരളി മനോഹര്‍ ജോഷി, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് എന്നിവരെ പദ്മവിഭൂഷണ് പുരസ്കാരത്തിനു പരിഗണിച്ചിട്ടുണ്ട്. മരണാനന്തര ബഹുമതിയായാണ് സെയ്ദിന് പുരസ്കാരം ലഭിക്കുക.
മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോണി, ബാഡ്മിന്റണ്‍ താരം പി.വി സിന്ധു, പരിശീലകന് പുല്ലേല ഗോപീചന്ദ് എന്നിവരും പത്മവിഭൂഷണ്‍ പട്ടികയിലുണ്ട്. ധോണിക്ക് 2009ലും സിന്ധുവിന് 2015ലും പത്മശ്രീ പുരസ്കാരം ലഭിച്ചിരുന്നു. റിയോ ഒളിമ്പിക്സില്‍ നേടിയ വെള്ളിമെഡലാണ് സിന്ധുവിനെ പത്മഭൂഷണ്‍ പരിഗണിക്കാന്‍ അര്‍ഹയാക്കിയത്.
കൂടാതെ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോലി, ഒളിമ്പക് ഗുസ്തി താരം സാക്ഷി മാലിക്ക, ജിംനാസ്റ്റിക് താരം ദിപ കര്‍മാക്കര്‍, ഡിസ്കസ് ത്രോ താരം വികാസ് ഗൗഡ എന്നിവരാണ് പത്മശ്രീ പരിഗണനയിലുള്ളത്.
ഇന്ത്യയില്‍ ആദ്യമായി എയ്ഡ്സ് രോഗം കണ്ടെത്തിയ ഡോ.സുനിതി സോളമന് തുടങ്ങി120 പേരുടെ അന്തിമ പട്ടികയാണ് പത്മ പുരസ്കാരത്തിനായി സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് വൈകിട്ടാണ് പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക.






