
പാലക്കാട്: വനിതാ കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറികളിലെ പാതിരാത്രിയിലെ പരിശോധന പോലീസിന് പുലിവാലായി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് അറിയാതെയാണ് പോലീസ് റെയ്ഡ് നടത്തിയതെന്ന് വന്നതോടെ പിടിച്ചുനില്‍ക്കാനുള്ള തത്രപ്പാടിലാണ് പോലീസ്. ഇതിന്റെ ഭാഗമായി ഹോട്ടലിലെ സിസി.ടി.വി.യുമായി ബന്ധപ്പെട്ട് പരിശോധന തുടരുകയാണ്. പാതിരാത്രിയിലെ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എഴുതി നല്കിയ സാഹചര്യത്തില്‍ പോലീസ് വെട്ടിലായി.
അതേസമയം, കുഴല്‍പ്പണത്തിന്റെ പേരില്‍ പോലീസ് നടത്തിയ തെരച്ചില്‍ സി.പി.എം-ബി.ജെ.പി ധാരണയുടെ ഭാഗമായുണ്ടായ പാതിരാ നാടകമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. റെയ്ഡില്‍ ഒന്നും കണ്ടെത്താനാവാതെ വന്നതും വനിതാ പോലീസില്ലാതെ വനിതാ നേതാക്കളുടെ മുറികളില്‍ പരിശോധനക്ക് എത്തിയതും വിവരം മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനെ പോലും അറിയിക്കാതിരുന്നതുമൊക്കെ സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയും നാടകവുമാണെന്ന കോണ്‍ഗ്രസ് നിലപാടിന് ശക്തിപകരുന്നുണ്ട്. ഒപ്പം വടകരയില്‍ ചീറ്റിയ കാഫിര്‍ പ്രയോഗത്തിന് സമാനമാണ് പാലക്കാട്ടെ ട്രോളി ബാഗ് വിഷയമെന്നതും കോണ്‍ഗ്രസ് പ്രചരണ ആയുദ്ധമാക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
പോലീസ് പിടിച്ചെടുത്ത ഹോട്ടലിലെ ഹാര്‍ഡ് ഡിസ്കിലെ സിസി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യം കൂടി ചേരുന്നതോടെ പാതിരാ നാടകത്തിലെ സി.പി.എമ്മിന്റെ പങ്ക് പ്രകടമാവുകയാണ്. അര്‍ദ്ധരാത്രിയിലെ പരിശോധനയില്‍ സി.പി.എം നേതാക്കളുടെ മുറികളും പരിശോധിച്ചെന്ന വാദം മാത്രമാണ് സി.പി.എമ്മിന് പ്രതിരോധമായി ഉയര്‍ത്താനുള്ളത്. എന്നാല്‍ മുറി മാറി കയറിയതാണെന്ന വിധത്തിലാണ് അതേക്കുറിച്ച് പറഞ്ഞുകേള്‍ക്കുന്നത്.
ബി.ജെ.പിയാകട്ടെ പോലീസ് ഒത്തുകളിച്ചെന്ന വിധത്തിലാണ് ഇപ്പോള്‍ പാതിരാ റെയ്ഡിനെ കുറിച്ച് പറയുന്നത്. മതിയായ സേനാസംവിധാനമോ വനിതാ പോലീസോ ഇല്ലാതെ പരിശോധനക്കെത്തിയത് പോലീസിന്റെ ഒത്തുകളിയായി ബി.ജെ.പി. വിലയിരുത്തുന്നു. പരിശോധനക്ക് തടസം നിന്നവരെ ഫോഴ്സിനെ ഉപയോഗിച്ച് നീക്കാതിരുന്നതും 40 മുറികളുള്ള ഹോട്ടലില്‍ 12 മുറികളില്‍ മാത്രം പരിശോധ ഒതുങ്ങിയതും ബി.ജെ.പി. ഉയര്‍ത്തുന്ന വാദങ്ങളാണ്.
അതിനിടെ കോണ്‍ഗ്രസ് വിട്ട എ.കെ. ഷാനിബ് വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത്, റെയ്ഡ് വിവരം പ്രതിപക്ഷ നേതാവിന് പോലീസ് ചോര്‍ത്തി നല്‍കിയെന്നാണ്. റെയ്ഡ് നടക്കുമ്പോള്‍ ഹോട്ടലിലുണ്ടായിരുന്ന ഒരു നിഴല്‍ സാന്നിധ്യത്തെ കുറിച്ചും ഷാനിബ് ആരോപിക്കുന്നു. ഒപ്പം പ്രതിപക്ഷ നേതാവിന്റെ സന്തതസഹചാരിയായി കഴിയുന്ന ഇ.ഡി. അന്വേഷണം നേരിടുന്ന ഒരാള്‍ കഴിഞ്ഞ പത്തുദിവസത്തിനിടെ പാലക്കാടും ചേലക്കരയിലും ഉണ്ടായിരുന്നതായും ഷാനിബ് പറയുന്നു.






