
പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ബലി നടത്താൻ ശ്രമിച്ച യുവാവിന് യുവാവിന് പത്ത് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. ലുധിയാനയിലെ അഡീഷണൽ സെഷൻസ് കോടതിയാണ് യുവാവിന് കഠിന തടവും പിഴയും ശിക്ഷ വിധിച്ചത്.പിന്നാലെ 10000രൂപ പിഴയടയ്ക്കാൻ വീഴ്ച വരുത്തിയാൽ രണ്ട് മാസം കൂടി യുവാവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. പിണങ്ങിപ്പോയ ഭാര്യ തിരികെയെത്താൻ നാല് വയസുകാരിയെ ബലി നൽകണമെന്ന് മന്ത്രവാദി പറഞ്ഞതിന് പിന്നാലെയായിരുന്നു സംഭവം.
2022 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ധർമീന്ദർ സപേര എന്ന യുവാവിനാണ് കോടതി ജയിൽ ശിക്ഷ വിധിച്ചത്. ഒക്ടോബർ 14ന് സ്കൂളിൽ പോയി വന്ന നാല് വയസുകാരിയെ കാണാനില്ലെന്ന പരാതിയുമായി കാലു റാം എന്നയാൾ പോലീസിനെ സമീപിക്കുന്നത്. സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ നാല് വയസുകാരി വീടിന് പുറത്ത് കളിക്കാൻ പോയതോടെ കാണാനില്ലെന്നായിരുന്നു പരാതി. വീടിന് സമീപത്ത് ഒരാൾ നടക്കുന്നതായി കണ്ടിരുന്ന ഒരാളെ സംഭവത്തിൽ സംശയിക്കുന്നതായും കാലു റാം പരാതിയിൽ വിശദമാക്കിയിരുന്നു.
പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ധർമീന്ദർ സപേരയെ പിടികൂടിയത്. വീടിന് സമീപത്ത് നരബലി നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായ വിവരം ലഭിച്ചതിനേ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. യുവാവിന്റെ പെരുമാറ്റ ദൂഷ്യം മൂലം ഭാര്യ പിണങ്ങി ബിഹാറിലുള്ള സഹോദരന്റെ വീട്ടിൽ പോയി താമസിക്കാൻ തുടങ്ങിയതിന് പിന്നാലെ പ്രശ്ന പരിഹാരത്തിനായി സമീപിച്ച മന്ത്രവാദിയാണ് നരബലിക്ക് നിർദ്ദേശം നൽകിയതെന്നാണ് യുവാവ് പോലീസിന് നല്കിയ മൊഴി.






