
തുടര്‍ച്ചയായി രണ്ടു വമ്പന്‍ സെഞ്ച്വറികള്‍ ടി20 യില്‍ അടിച്ച് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ സഞ്ജുവാണ് ഇപ്പോള്‍ ഇന്ത്യ മുഴുവന്‍ ക്രിക്കറ്റിലെ സംസാരം. സിക്സറുകളും ഫോറുകളും അടിച്ചുതകര്‍ത്ത താരം ഇന്ത്യന്‍ വിജയത്തിന്റെ നെടുന്തൂണായി മാറുകയും ചെയ്തു. ഈ അവസരത്തില്‍ ഇന്ത്യന്‍ ടി20 ടീം നായകന് സൂര്യകുമാര്‍ യാദവ് തനിക്ക് നല്കിയ പിന്തുണയെക്കുറിച്ച് ഓര്‍ക്കുകയാണ് കേരളതാരം.
2015 ല്‍ ടി20 യില്‍ ഇന്ത്യയ്ക്കായി കളിക്കാനിറങ്ങിയെങ്കിലും സ്ഥിരതയില്ലായ്മ മൂലം ബെഞ്ചിലായിരുന്നു മിക്ക കളിയിലും താരത്തിന്റെ സ്ഥാനം. എന്നാല്‍ സൂര്യകുമാര്‍ ഗൗതം ഗംഭീര്‍ കൂട്ടുകെട്ട് അധികാരത്തില്‍ എത്തിയതോടെ സഞ്ജുവിന്റെ മറ്റൊരു അവതാരമാണ് കണ്ടത്. 29 കാരനായ താരം ബംഗ്ളാദേശിനെതിരേ 150 റണ്‍സ് അടിച്ചിടത്ത് നിന്നും അടുത്ത മത്സരത്തില്‍ 50 പന്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക്്് എതിരേ 107 റണസും അടിച്ചുകൂട്ടി. കളിക്ക് ശേഷം ടീം മാനേജ്മെന്റും നായകനും തിരിച്ചുവരാന്‍ നല്കിയ അവസരത്തെക്കുറിച്ച് സഞ്ജു പറഞ്ഞു.
''ദുലീപ് ട്രോഫിയില്‍ കളിക്കുമ്പോള്‍ രണ്ടാമത്തെ മത്സരത്തില്‍ സൂര്യ എതിര്ടീമിലായിരുന്നു. ഇടയില്‍ അദ്ദേഹം എന്നോട് പറഞ്ഞു. ചേട്ടാ അടുത്ത 7 കളിയില്‍ നീ കളിക്കാന്‍ പോകുന്നു. എന്തു സംഭവിച്ചാലും നീയായിരിക്കും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ പോകുന്നത്. ഞാന്‍ നിന്റെ പുറകിലുണ്ടെന്ന് പറഞ്ഞു. ഏഴു മത്സരത്തിന്റെ വ്യക്തത എനിക്ക് കരിയറില്‍ ആദ്യമായിട്ടാണ് കിട്ടിയത്. ഇത്തരം ഒരു വ്യക്തതയും ആത്മവിശ്വാസവും ഒരു നായകനില്‍ നിന്നും നിങ്ങള്‍ക്ക് കിട്ടിയാല്‍ അതിന്റെ പ്രതിഫലനം നല്ലരീതിയില്‍ മൈതാനത്ത് കാണാനാകും.'' സഞ്ജു പറഞ്ഞു. ''ടീം മാനേജ്മെന്റ് എനിക്ക് ഏഴു മത്സരങ്ങളില്‍ മുമ്പോട്ട് പോകാന്‍ അവസരം നല്കി. ഞാന്‍ ഓപ്പണ്‍ ചെയ്യും. എനിക്ക് കൂടുതല്‍ മുമ്പോട്ട് നോക്കാനാകും. അപ്പോള്‍ ടീമിന് ഏറ്റവും മികച്ച സംഭാവന നല്‍കാനായെന്നും താരം പറഞ്ഞു.
നിങ്ങള്‍ രാജ്യത്തിന് വേണ്ടി ഒരു സെഞ്ച്വറി അടിച്ചാല്‍ അതൊരു വല്ലാത്ത അനുഭവമാണ്. വിക്കറ്റ് അല്‍പ്പം കൂടി ബൗണ്‍സ് ഉള്ളതായിരുന്നു. മൂന്ന് നാലു ദിവസം മഴ പെയ്തതിനാല്‍ ആദ്യം അല്‍പ്പം മയപ്പെട്ടതായിരുന്നു. അത് അല്‍പ്പം വെല്ലുവിളിയാകുമെന്ന് വിചാരിച്ചു. ഇവിടെ വന്ന് ടീം പരിശീലനം നടത്തി. 2-3 മണിക്കൂറോളം ബാറ്റിംഗ് ചെയ്തതിന്റെ ഗുണമുണ്ടായി. സെന്റ്ജോര്‍ജ്ജ് പാര്‍ക്കില്‍ നവംബര്‍ 10 നാണ് അടുത്ത മത്സരം.






