
തമിഴില്‍ നായകനായും സംവിധായകനായും തിളങ്ങി നില്‍ക്കുകയാണ് ആര്.ജെ ബാലാജി. വളരെ സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്യുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് ബാലാജി. നാനും റൗഡി താന്‍ എന്ന ചിത്രമായിരുന്നു ബാലാജിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയത്.
ജൂനിയര്‍ റൗഡി എന്ന ബാലാജിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2020 ല്‍ നയന്‍താരയെ നായികയാക്കി മൂക്കുത്തി അമ്മന്‍ എന്ന ചിത്രവും ബാലാജി സംവിധാനം ചെയ്തു. ചിത്രത്തില്‍ നായകനായെത്തിയതും ബാലാജി തന്നെയായിരുന്നു.
ഇപ്പോഴിതാ കമല്‍ ഹാസന് നായകനായ ഇന്ത്യന്‍ 2 വിലെ വേഷം നിരസിച്ചതിന്റെ കാരണം പറയുകയാണ് ബാലാജി. ചെന്നൈയില നടന്ന ഫാന്‍ മീറ്റിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ 2 വില്‍ അഭിനയിക്കാന്‍ ശങ്കര്‍ സാര്‍ എന്നെ സമീപിച്ചിരുന്നു. 2015 -16 സമയത്തായിരുന്നു അത്. അതെന്നെ സംബന്ധിച്ച് വലിയ അഭിമാനകരമായ നിമിഷമായിരുന്നു.
എന്നാല്‍ ആ സിനിമ തുടങ്ങാന്‍ കുറെ വൈകി. അത് തുടങ്ങിപ്പോഴേക്കും എന്റെ എല്‍കെജി റിലീസ് ചെയ്തു. അതോടെ ഇന്ത്യന്‍ 2 വിനേക്കുറിച്ച് എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നു. സിദ്ധാര്‍ഥ്, എസ്ജെ സൂര്യ തുടങ്ങിയവരെപ്പോലെയുളളവര് ആ സിനിമയുടെ ഭാഗമാണ്. അപ്പോള്‍ എനിക്കെന്തായിരിക്കും ആ സിനിമയ്ക്കായി ചെയ്യാന്‍ കഴിയുക എന്നാണ് ഞാന്‍ ചിന്തിച്ചത്. കടുവയുടെ വാലിനേക്കാള്‍ എലിയുടെ തല ആകുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.
സാങ്കേതികമായി മികവ് പുലര്‍ത്തുന്ന വലിയ ക്യാന്‍വാസ് സിനിമകളില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. ലോകേഷ് കനകരാജ് ഓഫര്‍ തന്നപ്പോള്‍ അതില്‍ ആറോ ഏഴോ മിനിറ്റ് മാത്രമേ എനിക്ക് റോളുണ്ടായിരുന്നുളളൂ. അത്തരം സിനിമകള്‍ ചെയ്യാന്‍ എനിക്ക് ആഗ്രഹമില്ല. സൊര്‍ഗവാസല്‍ പോലുളള സിനിമകള്‍ക്ക് 20 കോടിയോളം രൂപയാണ് നിര്‍മ്മാതാക്കള്‍ ചെലവഴിക്കുന്നത്.
അപ്പോൾ അത്തരം സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും എൻ്റെ ഏറ്റവും മികച്ചത് നൽകാനും ഞാൻ അവരോട് കടപ്പെട്ടിരിക്കുന്നു.- ബാലാജി പറഞ്ഞു. സിദ്ധാർഥ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സൊർഗവാസൽ ഈ മാസം 29നാണ് റിലീസ് ചെയ്യുന്നത്.






