
നെതർലാൻഡിലെ ലഹരിമരുന്ന് വേട്ട. പല വസ്തുക്കളിലായി ലഹരി മരുന്ന് ഒളിപ്പിച്ച് കടത്തി പിടികൂടുന്നത് പതിവായതോടെ എം ഡി എം എ 'പ്രതിമ' നിർമ്മിച്ച് ഞെട്ടിച്ചിരിക്കുകയാണ് നെതർലാൻഡിലെ ലഹരി കടത്ത് സംഘം. ഒറ്റ നോട്ടത്തിൽ ഒരു സംശയവും തോന്നാത്ത രീതിയിൽ പൂന്തോട്ടത്തിൽ വയ്ക്കുള്ള കളിക്കോപ്പ് പോലെ നിർമ്മിച്ച എം ഡി എം എ 'പ്രതിമ' യാണ് ഇന്നലെ നെതർലാൻഡിൽ പിടിയിലായത്.
ഈ പ്രതിമ നിർമ്മാണത്തിനായി 2 കിലോയിലേറെ എം ഡി എം എ ആണ് ഉപയോഗിച്ചിട്ടുള്ളത്. 'ഗ്നോംസ്' എന്നറിയപ്പെടുന്ന രൂപത്തിലുള്ള പ്രതിമയാണ് ഇവർ എം ഡി എം എ കൊണ്ട് നിർമ്മിച്ചത്. വലിയ രീതിയിൽ രാസ ലഹരി എത്തിയതായുള്ള വിവരത്തെ തുടർന്നുള്ള പരിശോധനയ്ക്കിടയിലാണ് ഈ പ്രതിമ കണ്ടെത്തിയത്. പ്രത്യക്ഷത്തിൽ സംശയമൊന്നും തോന്നില്ലെങ്കിലും പ്രതിമ ലാബിലെത്തിച്ച് പരിശോധിച്ചതോടെയാണ് ഏവരും ഞെട്ടിപ്പോയത്. വായ പൊത്തിയ നിലയിലുള്ള ചെറു പ്രതിമ നിർമ്മിച്ചത് കോടികൾ വില വരുന്ന മാരക രാസ ലഹരി വസ്തു കൊണ്ടായിരുന്നു എന്നാണ് ലാബിലെ പരിശോധനയിൽ കണ്ടെത്തിയത്.
അൾറ്റീന, ഡ്രിമ്മലീൻ, ഗീർട്രൂഡെൻബെർഗ്, ഓസ്റ്റർഹൗട്ട് എന്നിവിടങ്ങളായി നടത്തിയ ലഹരിമരുന്ന് വേട്ടയ്ക്കിടയിലാണ് എം ഡി എം എ പ്രതിമ കണ്ടെത്തിയത്. എം ഡി എം എ നെതർലാൻഡിൽ നിരോധിച്ചിട്ടുള്ള ലഹരി വസ്തുവാണ്.






