
പെര്‍ത്ത്: ബൗളര്‍മാര്‍ക്ക് ബിഗ് സല്യൂട്ട്. ഓസ്ട്രേലിയയ്ക്കെതിരേ ബോര്‍ഡര്‍-ഗവാസ്ക്കര്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 295 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യ ഇന്നിംഗ്സിലെ തകര്‍ച്ച കണ്ടാല്‍ കളി ഈ രീതിയില്‍ അവസാനിക്കുമെന്ന് ആരും കരുതിയില്ല. രണ്ട് ഇന്നിംഗ്സിലും ഉജ്വലമായി പന്തെറിഞ്ഞ നായകന് ജസ്പ്രീത് ബുംറേയും സംഘവും ഒന്നാന്തരം പ്രകടനത്തോടെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയയെ 238 റണ്‍സിന് വീഴ്ത്തി.
നായകന് ജസ്പ്രീത് ബുംറെയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റുകള്‍ വീതം രണ്ടാം ഇന്നിംഗ്സില്‍ നേടിയപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ടും ഹര്‍ഷിത്റാണ, നിതീഷ്കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോവിക്കറ്റുകളും വീഴ്ത്തി. ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡിന് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. 89 റണ്‍സിന് അദ്ദേഹത്തെ ബുംറെ പന്തിന്റെ കയ്യില്‍ എത്തിച്ചതോടെ ഓസ്ട്രേലിയയുടെ പ്രതിരോധം അയഞ്ഞു. 47 റണ്‍സ് എടുത്ത മിച്ചല്‍ മാഷും 36 റണ്‍സ് എടുത്ത അലക്സ് കാരിയും ഒഴിച്ചാല്‍ ആര്‍ക്കും ക്രീസില്‍ കാര്യമായ സമയം കിട്ടിയില്ല.
ആദ്യഇന്നിംഗ്സില്‍ 150 റണ്‍സിന് ഇന്ത്യയെ ഓസീസ് പുറത്താക്കിയതായിരുന്നു. 41 റണ്‍സ് എടുത്ത നിതീഷ് കുമാറിനും 37 റണ്‍സ് എടുത്ത പന്തിനും മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. എന്നാല്‍ ഇതിന് മറുപടിയായി പന്തെറിഞ്ഞ ഇന്ത്യ ഓസ്ട്രേലിയയെ നായകന് ജെസ്പ്രീത് ബുംറേയുടെ അഞ്ചുവിക്കറ്റ് നേട്ടത്തോടെ 104 ന് ഒതുക്കി. രണ്ടാം ഇന്നിംഗ്സില്‍ ആദ്യ ഇന്നിംഗ്സിലെ വീഴ്ചയുടെ ക്ഷീണം തീര്‍ത്ത് മുന്‍ നായകന് വിരാട്കോഹ്ലിയും (100) ആദ്യ ഇന്നിംഗ്സില്‍ പരാജയപ്പെട്ട യശസ്വീ ജെയ്സ്വാ(161)ളും സെഞ്ച്വറി നേടി. കെ.എല്‍. രാഹുല്‍(77), നിതീഷ്കുമാര്‍ റെഡ്ഡി (38) എന്നിവരും പിന്തുണ നല്‍കിയതോടെ 487 റണ്‍സിന്റെ തകര്‍പ്പന്‍ സ്കോറില്‍ എത്തി. പരമ്പരയില്‍ ഈ വിജയത്തോടെ ഇന്ത്യ 1-0 ന് മുന്നിലെത്തിയിരിക്കുകയാണ്. ഒട്ടേറെ റെക്കോഡുകളും ഈ ജയത്തോടെ തകര്‍ന്നുവീണു.
കരിയറില്‍ തന്റെ 30 ാം സെഞ്ച്വറിയായിരുന്നു വിരാട്കോഹ്ലി നേടിയത്. 201 റണ്‍സ് അടിച്ചുകൂട്ടി ഓസ്ട്രേലിയയില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട് യശസ്വി ജയ്സ്വാളും കെഎല്‍ രാഹുലും കണ്ടെത്തി. ക്രിസ് ശ്രീകാന്തും സുനില്‍ ഗവാസ്കറും 1986ല്‍ സിഡ്നിയില്‍ 191 റണ്‍സിന്റെ കൂട്ടുകെട്ടിന്റെ റെക്കോഡാണ് തകര്‍ന്നത്. ജയ്സ്വാളും രാഹുലും ഉള്‍പ്പെടെ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റില്‍ 200-ലധികം റണ്‍സിന്റെ കൂട്ടുകെട്ടുമായി 6 ഓപ്പണിംഗ് ജോഡികള്‍. മുമ്പത്തെ അഞ്ച് സ്റ്റാന്‍ഡുകളും ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാര്‍ സ്ഥാപിച്ചതാണ്.






