
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ അറസ്റ്റിലായ സഹപാഠികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. മൂന്ന് വിദ്യാർത്ഥിനികളെയും 27 ആം തീയതി വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. പത്തനംതിട്ട ജുഡീഷണൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി.
മൂവർ സംഘത്തിൽ നിന്ന് നിരന്തര മാനസിക പീഡനം അമ്മു നേരിട്ടിരുന്നു എന്നായിരുന്നു കുടുംബത്തിന്റെ പരാതി. നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കഴിഞ്ഞ ദിവസമാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.
പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. അമ്മുവിന്റെ മരണത്തിൽ പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മൂന്ന് സഹപാഠികളെ അറസ്റ്റ് ചെയ്തത്.






