
അനർഹർ പെൻഷൻ പറ്റിയ സംഭവം ഗുരുതരമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. തെറ്റായ രേഖ ചമച്ചത് ഗുരുതരമായ കാര്യം തന്നെയാണ്. സംഭവത്തിൽ ഉൾപ്പെട്ട ആളുകളോട് വിശദീകരണം തേടണം. നടപടിക്രമങ്ങൾ പാലിക്കണം. തെറ്റായ കാര്യം ചെയ്തവർക്കെതിരെ നടപടി ഉണ്ടാകും. തെറ്റായ കാര്യങ്ങൾ ആര് ചെയ്താലും അവരെ അംഗീകരിക്കില്ല എന്ന നിലപാട് അല്ലേ സംഘടനകൾ സ്വീകരിക്കേണ്ടതെന്നും മന്ത്രി ചോദിച്ചു.
ജീവനക്കാരുടെ സംഘടനകൾ പേരുകൾ പുറത്തുവിടാത്തതിൽ പ്രതിഷേധിക്കേണ്ട കാര്യമില്ല. തെറ്റ് ആര് ചെയ്താലും നടപടി ഉണ്ടാകും. ഒരു ചെറിയ വിഭാഗം തെറ്റ് ചെയ്യുന്നതിന് സംഘടനകൾ മൊത്തത്തിൽ ആശങ്കപ്പെടേണ്ട കാര്യം എന്താണെന്നും മന്ത്രി ചോദിച്ചു.
സ്പാർക്കിൽ ക്രമക്കേട് നടന്നിട്ടില്ല. എന്തു കൊണ്ട് കേസ് എടുക്കുന്നില്ല. ആദ്യം വകുപ്പ് തല പരിശോധന നടക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
ധന വകുപ്പ് സാമൂഹ്യ സുരക്ഷാ പെൻഷൻ ക്രമക്കേടുകളിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് അറിയിച്ചിരുന്നു. അതിനിടെ, കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ധന മന്ത്രി കെ എൻ ബാലഗോപാൽ നിർദേശം നൽകി.
ഭരണ വകുപ്പുകൾക്കാണ് പെൻഷൻ അർഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്.






