
തിരുവനന്തപുരം: സി.പി.എം. സമ്മേളനത്തിനിടെ തിരുവനന്തപുരത്തും പൊട്ടിത്തെറി. സി.പി.എം. മംഗലപുരം ഏരിയ സമ്മേളനത്തില്‍നിന്ന് ഏരിയ സെക്രട്ടറി മധു മുല്ലശേരി ഇറങ്ങിപ്പോയി. പാര്‍ട്ടി ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. സി.പി.എമ്മിനൊപ്പം ഇനിയില്ലെന്ന് മധു പ്രഖ്യാപിച്ചു. മധു സി.പി.എം. വിടുമെന്നാണ് സൂചന.
പാര്‍ട്ടിയുടെ ശക്തി കേന്ദ്രത്തിലാണു സി.പി.എമ്മിനുള്ളില്‍ ഭിന്നത രൂക്ഷമാകുന്നത്. വി. ജോയിയും കടകംപള്ളി സുരേന്ദ്രനെ അനുകൂലിക്കുന്നവരും തമ്മിലെ പ്രശ്നങ്ങളാണു പ്രതിസന്ധിക്കു കാരണമെന്നാണു സൂചന. എം. ജലീലാണു മംഗലപുരത്തെ പുതിയ സി.പി.എം. ഏരിയ സെക്രട്ടറി. കഴക്കൂട്ടം ഏരിയാ കമ്മിറ്റി രണ്ടായതിനു ശേഷം മംഗലപുരത്തു കഴിഞ്ഞ രണ്ടു തവണയും മുല്ലശ്ശേരി മധുവായിരുന്നു സെക്രട്ടറി.
മധു തുടരുന്നതില്‍ ജില്ലാ നേതൃത്വത്തിനു താല്പര്യമുണ്ടായിരുന്നില്ല. സാമ്പത്തിക ക്രമക്കേടുകളടക്കം മധുവിനെതിരേ ആരോപണങ്ങളുണ്ടെന്നും നേതൃത്വം പറയുന്നു. ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നു തന്നെ മാറ്റാന്‍ നീക്കം നടക്കുന്നതു മനസിലാക്കിയാണ് മധു സമ്മേളനത്തിനിടെ പൊട്ടിത്തെറിച്ചത്. സാധാരണ പാര്‍ട്ടിക്കാര്‍ക്ക് സമീപിക്കാന്‍ കഴിയാത്ത ആളായി ഏരിയാ സെക്രട്ടറി മാറിയെന്ന് സമ്മേളന പ്രതിധികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആസൂത്രിതമായിട്ടായിരുന്നു ജില്ലാ നേതൃത്വത്തിന്റെ നീക്കം.
പുതിയ ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്നപ്പോഴാണ് സെക്രട്ടറി സ്ഥാനത്തേക്ക് എം. ജലീലിന്റെ പേര് ഉയര്‍ന്ന് വന്നതും തെഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയതും. ജില്ലാ സെക്രട്ടറി വി.ജോയിക്കെതിരേ കടുത്ത ആക്ഷേപങ്ങള്‍ ഉന്നയിച്ചാണ് മുല്ലശ്ശേരി മധു പാര്‍ട്ടി വിട്ടത്.
കഴക്കൂട്ടം, ആറ്റിങ്ങല്‍, നെടുമങ്ങാട് നിയമസഭാ മണ്ഡലങ്ങളെ സ്വാധീനിക്കുന്ന മേഖലയിലാണ് ഇൗ പ്രതിസന്ധി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് പ്രതീക്ഷിച്ച വോട്ട് ഇവിടെ നേടാനായിരുന്നില്ല. ബി.ജെ.പി. വന്‍ മുന്നേറ്റമുണ്ടാക്കുകയും ചെയ്തു. കഴക്കൂട്ടത്തും ആറ്റിങ്ങലിലും ബി.ജെ.പിയാണ് ഒന്നാമത് എത്തിയത്. അതുകൊണ്ട് തന്നെ മധുവിന്റെ ഭാവി രാഷ്ട്രീയം എന്താകുമെന്നത് നിര്‍ണായകമാണ്.






