
വണ്ടാനം (ആലപ്പുഴ): കളിയും ചിരിയും നിറഞ്ഞുനിന്നിരുന്ന ഹോസ്റ്റല്‍ മുറികളില്‍ രണ്ടുദിവസമായി തേങ്ങലും വിതുമ്പലും മാത്രം. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ താമസിച്ച ഹോസ്റ്റലില്‍ പല മുറികളുടെയും വാതില്‍പ്പാളിയും ജനലുകളും പാതിചാരിയ നിലയിലാണ്. പലരും കൃത്യമായി ഭക്ഷണം പോലും കഴിക്കുന്നില്ല.
കഴിഞ്ഞ രാത്രിവരെ ഒപ്പം കഴിഞ്ഞിരുന്ന സുഹൃത്തുക്കളുടെ വിയോഗമുണ്ടാക്കിയ ഞെട്ടലില്‍നിന്ന് ഇവിടെ ഇപ്പോഴുള്ളവരാരും മുക്തരായിട്ടില്ല. നേരമ്പോക്കിന് ഒരു സിനിമകണ്ടു മടങ്ങിയെത്താമെന്നു പറഞ്ഞു പിരിഞ്ഞവരെയാണല്ലോ പിന്നീട് ചേതനയറ്റ നിലയില്‍ കാണേണ്ടിവന്നത്. ഇന്നലെയും കോളജിന് അവധിയായിരുന്നതിനാല്‍ പലരും പുറത്തുപോലും ഇറങ്ങിയില്ല. മറ്റുചിലര്‍ സുഹൃത്തുക്കളുടെ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോയി. ദിവസങ്ങളുടെ മാത്രം ബന്ധമാണെങ്കിലും അത് ഏറെ ആഴമേറിയതായിരുന്നു.
മൂന്നുപേര്‍ക്കു കഴിയാവുന്ന തരത്തിലുള്ള മുറികളാണു ഹോസ്റ്റലിലുള്ളത്. എന്നാല്‍ പഠിക്കാനും വിശ്രമിക്കാനും മാത്രമേ മിക്കവരും മുറിയില്‍ കയറാറുള്ളൂ. ബാക്കി സമയം ഹോസ്റ്റല്‍ വളപ്പിലും വരാന്തകളിലും കളിയും ചിരിയുമായി കഴിച്ചുകൂട്ടും. സംഭവ ദിവസം രാത്രിവരെ കൂട്ടുകാര്‍ ഒത്തുകൂടിയിരുന്നു. അതിനിടയിലാണ് സിനിമ കാണാനായി 11 പേര് പുറപ്പെട്ടത്. ഒപ്പംകൂടാന്‍ പലരെയും ക്ഷണിച്ചെങ്കിലും വാഹനത്തില്‍ ഇടമില്ലാത്തതിനാല്‍ അവര്‍ ഒഴിവായി. സംഘം ഹോസ്റ്റല്‍ വളപ്പില്‍നിന്നു പുറപ്പെട്ട് മിനിറ്റുകള്‍ കഴിഞ്ഞപ്പോഴേക്കും ദുരന്തവിവരം എത്തി.
പരുക്കുകള്‍ മാത്രമാണെന്നാണ് ആദ്യമറിഞ്ഞത്. പിന്നീട് ദുരന്തത്തിന്റെ ആഴം വ്യക്തമായതോടെ പലരും ആശുപത്രിയിലേക്ക് ഓടി. തുടര്‍ന്ന് അത്യാഹിതവിഭാഗത്തില്‍ കൂട്ടക്കരച്ചിലായി. പിറ്റേന്ന് പൊതുദര്‍ശനത്തിനുവച്ച മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ കയറ്റുമ്പോള്‍ നോക്കിനിന്നു വിതുമ്പാനേ സഹപാഠികള്‍ക്കു കഴിഞ്ഞുള്ളൂ.






