
കൊച്ചി: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ അന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ. വിശദമായ വാദം കേള്‍ക്കാന്‍ ഡിസംബര്‍ 12 ലേക്ക് കേസ് കോടതി മാറ്റി. സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയപ്പോള്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തത്. നവീന്‍ ബാബുവിന്റെ ഭാര്യ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാരും സിബിഐയും മറുപടി നല്‍കിയത്.
അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണോയെന്ന് സിബിഐയോട് ഹൈക്കോടതി ചോദിച്ചു. സര്‍ക്കാര്‍ നിലപാട് കൂടി പരഗണിച്ച ശേഷം 12 ന് സിബിഐ ഇക്കാര്യത്തില്‍ വിശദമായ മറുപടി നല്‍കും. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ അപാകത ഉണ്ടോയെന്നും അതിന് തെളിവുണ്ടോയെന്നും കോടതി ചോദിച്ചു. അന്വേഷണത്തെ എതിര്‍ത്ത സര്‍ക്കാര്‍ സിബിഐയ്ക്ക് കേസ് വിടാന്‍ തയ്യാറല്ലെന്നാണ് കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ രാഷ്ട്രീയബന്ധം അന്വേഷണത്തെ ബാധിക്കുമോയെന്നും കോടതി ചോദിച്ചു.
പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും കുടുംബത്തിന്റെ എല്ലാ ആശങ്കകളും പരിശോധിക്കുമെന്നും നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന ആരോപണത്തിലും അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ നിലപാട് എടുത്തു. അതേസമയം സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ തങ്ങള്‍ക്കു ലവലേശം വിശ്വാസമില്ലെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്കിയ ഹര്‍ജിയില്‍ പറയുന്നു.
എ.ഡി.എമ്മിന്റേത് കൊതപാതകമാണെന്നും പ്രതിയായ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി.പി. ദിവ്യയെ രക്ഷിച്ചെടുക്കാനാണു പോലീസിനു വ്യഗ്രതയെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആരോപണം.
പ്രതിയായ പി.പി. ദിവ്യ സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി അംഗമാണ്. പോഷകസംഘടനകളുടെ ഭാരവാഹിയാണ്. രാഷ്ട്രീയ സ്വാധീനമുള്ളയാളാണ്. അതിനാല്‍, കേസ് അട്ടിമറിക്കപ്പെട്ട നിലയിലാണ്. എസ്.ഐ.ടി. എന്നത് പേരിനു മാത്രമാണെന്നും തെളിവുകള്‍ ശേഖരിക്കാന്‍ അവര്‍ക്കു താല്പര്യമില്ല. പ്രതിയുമായി ചേര്‍ന്നു രക്ഷപ്പെടാനുള്ള വ്യാജതെളിവുകളുടെ ശേഖരണമാണ് നടക്കുന്നതെന്നുമായിരുന്നു ആരോപണം.






