
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്ക് എതിരേയുള്ള ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് ആദ്യ മത്സരത്തിലേതിന് സമാനം. അഡ്ലെയ്ഡില് ഇന്ന് തുടങ്ങിയിരിക്കുന്ന പിങ്ക്ബോള്‍ ക്രിക്കറ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 176 റണ്‍സിന് ഇന്ത്യയ്ക്ക് എട്ടു വിക്കറ്റുകളാണ് നഷ്ടമായത്. 42 റണ്‍സ് എടുത്ത മദ്ധ്യനിര ബാറ്റ്സ്മാന് നിതീഷ്കുമാര്‍ റെഡ്ഡിയുടെ ചെറുത്തുനില്‍പ്പാണ് ഇന്ത്യയ്ക്ക് ഗുണകരമായി മാറിയിരിക്കുന്നത്.
ഒരറ്റത്ത് വിക്കറ്റ് കൊഴിയുമ്പോള്‍ ക്ഷമയോടെ ബാറ്റിംഗ് തുടരുകയാണ് റെഡ്ഡി. ജെസ്പ്രീത് ബുംറെയാണ് റെഡ്ഡിക്കൊപ്പം ക്രീസിലുള്ളത്. അഡ്ലെയ്ഡ് ഭാഗ്യഗ്രൗണ്ടായി കരുതുന്ന മുന്‍ നായകന് വിരാട് കോഹ്ലി ഏഴിനും മദ്ധ്യനിരയില്‍ ബാറ്റിംഗിനായി ഇറങ്ങിയ നായകന് രോഹിത് ശര്‍മ്മ മൂന്നിനും പുറത്തായി. നേരിട്ട ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ യശ്വസ്വീ യാദവ് പുറത്തായി.
തൊട്ടുപിന്നാലെയെത്തിയ ഗില്ലിനൊപ്പം കെ.എല്‍. രാഹുല്‍ ഇന്നിംഗ്സ് നീട്ടി. ഗില്‍ 31 റണ്‍സ് എടുത്തപ്പോള്‍ രാഹുല്‍ 37 റണ്‍സുമായി പുറത്തായി. വിക്കറ്റ് കീപ്പര്‍ പന്തിന്റെ 21 ആയിരുന്നു മറ്റൊരു വിലപ്പെട്ട ഇന്നിംഗ്സ്. അശ്വിന് 22 റണ്‍സ് എടുത്തും മടങ്ങി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഉജ്വല ബൗളിംഗായിരുന്നു ഇന്ത്യയുടെ വിജയം. അഞ്ചുവിക്കറ്റുകളാണ് താരം നേടിയത്. സ്കോട്ട്ബോണ്ട് രണ്ടു വിക്കറ്റും പാറ്റ് കുമ്മിന്‍സ് ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0 ന് മുന്നിലാണ്.






