
തിരുവനന്തപുരം: സിപിഎം റോഡ് അടച്ചു സമ്മേളനം നടത്തിയ സംഭവത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായ നടപടി സംഭവിച്ചിട്ടും എന്തുകൊണ്ടു നടപടിയെടുത്തില്ലെന്ന് പോലീസിനോട് ഹൈക്കോടതി ചോദിച്ചു. തിരുവനന്തപുരം വഞ്ചിയൂരില്‍ സിപിഎം വഴിയടച്ച് സമ്മേളനത്തിന് വേദിയൊരുക്കിയ സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെതിരേ മരട് സ്വദേശി നല്കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുെട വിമര്‍ശനം.
പാതയോരങ്ങളില്‍ പോലും സമ്മേളനങ്ങളും പൊതുയോഗങ്ങളും നടത്തുന്നതിന് വിലക്കുള്ളപ്പോഴാണ് വഞ്ചിയൂരില്‍ പ്രധാനവഴി പൂര്‍ണ്ണമായും അടച്ചുകൊണ്ട് സി.പി.എമ്മിന്റെ സമ്മേളനം നടന്നത്. കോടതിയലക്ഷ്യത്തിന് നടപടിയെടുക്കേണ്ട സംഭവത്തില്‍ ആര്‍ക്കെങ്കിലും എതിരേ പോലീസ് കേസെടുത്തിട്ടുണ്ടോയെന്നും ചോദിച്ചു. പൊതുനിരത്തുകള്‍ കയ്യേറി സമ്മേളനങ്ങളും യോഗങ്ങളും നടത്തുന്നതിന് എതിരേ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികളെക്കുറിച്ച കേസ് ഇനി പരിഗണിക്കുമ്പോള്‍ മറുപടി നല്‍കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
അടുത്ത ദിവസം കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. സമ്മേളനത്തില്‍ സിപിഎം ഏരിയാകമ്മറ്റിക്കെതിരേ കേസെടുത്തിട്ടുണ്ട്. നടുറോഡില്‍ സ്റ്റേജ് കെട്ടാന്‍ അനുമതി നല്‍കിയിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരേ അനധികൃത സംഘം ചേരല്‍, ഗതാഗതതടസ്സം, പോലീസിനോട് അപമര്യാദയായി പെരുമാറല്‍, ജനങ്ങളുടെ സഞ്ചാരസ്വതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം എന്നിവ ചൂണ്ടിക്കാട്ടി പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. വഞ്ചിയൂര്‍ കോടതിയുടെ സമീപത്തുള്ള റോഡിലാണ് സമ്മേളനവേദിയൊരുക്കിയത്. സമ്മേളനദിനത്തില്‍ ആംബുലന്‍സുകളും സ്കൂള്‍ വാഹനങ്ങളും ഉള്‍പ്പെടെയുള്ളവ ഗതാഗതക്കുരുക്കില്‍ പെട്ടിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ വഴിതടഞ്ഞായിരുന്നു സ്റ്റേജ് കെട്ടിയിരുന്നത്. വഞ്ചിയൂര്‍ ജംഗ്ഷനില്‍ റോഡിന്റെ ഒരു വശം പൂര്‍ണ്ണമായും അടച്ച് വേദിയുണ്ടാക്കിയപ്പോള് വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. രാവിലെ മുതല്‍ വൈകിട്ട് വരെ ഗതാഗതനിയന്ത്രണത്തിനായി 50 പോലീസുകാരെയാണ് നിയോഗിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്, ഡി.ജി.പി എന്നിവരെ എതിര്‍കക്ഷിയാക്കി മരട് സ്വദേശിയായ പ്രകാശന് എന്നയാളാണ് ഇതിനെതിരെ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.






