
ഇന്ത്യയുടെ ക്ലാസ്സ് സ്പിന്നര്‍ ആര്.അശ്വിന് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഓസ്ട്രേലിയയ്ക്ക് എതിരേ നടക്കുന്ന ബോര്‍ഡര്‍ - ഗവാസ്ക്കര്‍ ടെസ്റ്റ് പരമ്പരയ്ക്കിടയിലാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 2010 ല്‍ ക്രിക്കറ്റില്‍ അരങ്ങേറിയ അദ്ദേഹം 106 ടെസ്റ്റില്‍ നിന്നും 537 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യന്‍ നായകന് രോഹിത്ശര്മ്മയ്ക്കൊപ്പമെത്തിയായിരുന്നു അശ്വിന്റെ പ്രഖ്യാപനം.
ഇന്ത്യന്‍ ടീമിലെ മുന്‍നിര സ്പിന്നര്‍മാരില്‍ ഒരാളായ അശ്വിന് പരമ്പരയിലെ രണ്ടാം മത്സരമായ അഡ്ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിച്ചിരുന്നു. ഈ മത്സരം ഇന്ത്യ തോറ്റിരുന്നു. പിന്നാലെ ബ്രിസ്ബേനില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ അദ്ദേഹത്തെ ഒഴിവാക്കി. മൂന്നാം ടെസ്റ്റ് മഴമൂലം സമനിലയില്‍ കലാശിച്ചെന്ന പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം വന്നത്.
തമിഴ്നാട്ടില്‍ ജനിച്ച ക്രിക്കറ്റ് താരം ഇന്ത്യന്‍ ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ഓഫ് സ്പിന്നറാണ്. അനില്‍ കുംബ്ളേയ്ക്ക് ശേഷം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേട്ടം നടത്തിയിട്ടുള്ള സ്പിന്നറുമാണ്. ടെസ്റ്റില്‍ ആറു സെഞ്ച്വറികളും പേരിലുള്ള അദ്ദേഹം 3503 റണ്‍സ് നേടിയിട്ടുണ്ട്. ബ്രിസ്ബേനിലെ മൂന്നാം ടെസ്റ്റിന് ശേഷം വിരാട്കോഹ്ലി അശ്വിനെ ആശ്ളേഷിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ അശ്വിന്റെ വിരമിക്കല്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. ടെസ്റ്റില്‍ 37 തവണ അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചിട്ടുള്ളയാളാണ് അശ്വിന്.






