
ന്യൂഡല്‍ഹി: ബിആര്‍ അംബേദ്കറെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമര്‍ശത്തില്‍ പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധം. ഇന്ന് രാവിലെ പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാര്‍ ബിആര്‍ അംബേദ്കറുടെ ഫോട്ടോകള്‍ പിടിച്ച് ആഭ്യന്തരമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. അമിത്ഷാ ഭരണഘടനാ ശില്പിയെ അപമാനിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
അതേസമയം പ്രതിപക്ഷ പാര്‍ട്ടി ക്ലിപ്പുചെയ്ത വീഡിയോകള്‍ പ്രചരിപ്പിച്ച് വിലകുറഞ്ഞ തന്ത്രങ്ങള്‍ കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ ദിവസം രാജ്യസഭയെ അഭിസംബോധന ചെയ്യവെ നടത്തിയ പ്രസ്താവനയാണ് പ്രതിപക്ഷം എതിര്‍ത്തത്. ഭരണഘടനയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയ്ക്കിടെ സഭയെ അഭിസംബോധന ചെയ്തുകൊണ്ട് അംബേദ്ക്കര്‍ എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയെന്നും അംബേദ്ക്കര്‍...അംബേദ്ക്കര്‍ എന്ന് പല തവണ പറയുന്ന സ്ഥാനതത് ദൈവത്തിന്റെ പേര് പറഞ്ഞാല്‍ സ്വര്‍ഗ്ഗത്തില്‍ പോകാമായിരുന്നെന്നും ഷാ പറഞ്ഞു
ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ആദ്യ മന്ത്രിസഭയില്‍ നിന്നും രാജിവെച്ചയാളാണ് ബിആര്‍ അംബേദ്കര്‍ എന്നും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളോടുള്ള പെരുമാറ്റത്തില്‍ താന്‍ തൃപ്തനല്ലെന്ന് അംബേദ്കര്‍ ജി നിരവധി തവണ പറഞ്ഞിട്ടുണെന്നും ഷാ പറഞ്ഞു. സര്‍ക്കാരിന്റെ നയ സമീപനത്തിലും ആര്‍ട്ടിക്കിള്‍ 370-ലെ നിലപാടിലും മന്ത്രിസഭ അദ്ദേഹത്തിന് ഉറപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ അത് പാലിക്കാതെ വന്നപ്പോഴാണ് അദ്ദേഹം രാജിവെച്ചതെന്നും അമിത്ഷാ പറഞ്ഞു. അദ്ദേഹത്തിന്റെ പേര് 100 മടങ്ങ് കൂടുതലായി പറഞ്ഞാലും അദ്ദേഹത്തെക്കുറിച്ചുള്ള നിങ്ങളുടെ വികാരം ഇതാണെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബി.ആര്.അംബേദ്കറെ അപമാനിച്ച ഷായുടെ നടപടി ബി.ജെ.പിയും അതിന്റെ പ്രത്യയശാസ്ത്രപരമായ മാതൃപിതാവായ ആര്.എസ്.എസും ത്രിവര്‍ണ പതാകയ്ക്കെതിരെയും അശോകചക്രത്തെ എതിര്‍ക്കുകയും ചെയ്തുവെന്ന് വീണ്ടും തെളിയിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. 'ഭരണഘടനയ്ക്ക് പകരം മനുസ്മൃതി നടപ്പിലാക്കാന്‍ ആഗ്രഹിച്ചവരാണ് അവരെന്നും ബാബാസാഹേബ് അംബേദ്കര്‍ ഇത് അനുവദിച്ചില്ല, അതുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ ഇത്രയധികം വെറുക്കുന്നതെന്നും തിരിച്ചടിച്ചു.
തന്നെപ്പോലുള്ള കോടിക്കണക്കിന് ആളുകള്‍ക്ക് ബാബാസാഹിബ് ദൈവത്തില്‍ കുറവല്ലെന്ന് മോദി സര്‍ക്കാരിന്റെ മന്ത്രിമാര്‍ മനസ്സിലാക്കണമെന്നും ദലിതര്‍ക്കും ആദിവാസികള്‍ക്കും പിന്നാക്കക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ദരിദ്രര്‍ക്കും വേണ്ടിയുള്ള ഒരു മിശിഹയാണ് അദ്ദേഹമെന്നും ഖാര്‍ഗേ പറഞ്ഞു.






