
മലയാള സാഹിത്യത്തിന് ഒട്ടനവധി സംഭാവനകള്‍ നല്കിയ, ലോകസാഹിത്യത്തിന്റെ നെറുകയിലേക്ക് മലയാളസാഹിത്യത്തെ നയിച്ച എം.ടി വാസുദേവന്‍ നായര്‍ എന്ന അതുല്യ കലാപ്രതിഭ മണ്മറഞ്ഞത് ഇന്നലെയാണ്. എം.ടി എന്ന ദ്വയാക്ഷരം മലയാളത്തിന് സമ്മാനിച്ചത് എഴുത്തിന്റെ ഒരു പുണ്യകാലമായിരുന്നു. എം.ടിയുടെ തൂലികത്തുമ്പിലൂടെ ഭാവനയും സാഹിത്യവും സമന്വയിപ്പിച്ച ഒരുപാട് സാഹിത്യകൃതികള്‍ മലയാളമനസ്സ് കണ്ടറിഞ്ഞിട്ടുണ്ട്. സാഹിത്യവും സിനിമയും പത്രപ്രവര്‍ത്തനവുമടക്കം കൈവെച്ചതെല്ലാം പൊന്നാക്കിയ ഇതിഹാസത്തിന് മലയാളക്കര തീരാനൊമ്പരം പേറിയാണ് ഇന്നലെ യാത്രയാക്കിയത്.
എം.ടിയെ അനുസ്മരിച്ച് കലാസാഹിത്യ സിനിമാമേഖലയില്‍ നിന്നുള്ള നിരവധി പേര് തങ്ങളുടെ നൊമ്പരം സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിരുന്നു. പലരും തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളാണ് അക്ഷരങ്ങളിലൂടെ കുറിച്ചത്.
ഇപ്പോഴിതാ അക്കൂട്ടത്തില്‍ അഭിനേത്രിയായ ഗായത്രി അരുണിന്റെ കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു ട്രെയിൻ യാത്രയില്‍ അദ്ദേഹത്തിന്റെ കൂടെ ഏറെ നേരം യാത്ര ചെയ്തിട്ടും തിരിച്ചറിയാനോ സംസാരിക്കാനോ സാധിക്കാതെ പോയ അനുഭവമാണ് ഗായത്രി തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
‘‘ ഒരു ട്രെയിൻ യാത്രയുടെ ഓർമ്മയാണ് ഇന്നലെ മുതൽ മനസ്സിൽ. നഷ്ടബോധത്തോടെ മാത്രം ഞാൻ ഓർമ്മിക്കുന്ന ആ യാത്ര ഇന്നലെ മനസ്സിൽ ഒരു നൊമ്പരം കൂടി സമ്മാനിച്ചു. കോളേജിൽ പഠിക്കുന്ന കാലത്ത് ഇന്റേൺഷിപ്പിന്റെ ഭാഗമായി ഒരു ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിൽ രണ്ട് മാസം ട്രെയിനിങ് ചെയ്തിരുന്ന സമയം. അതിന്റെ ഭാഗമായി ഒരിക്കൽ കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള ഒരു ട്രെയിൻ യാത്ര. ഒരു ചെയർ കാർ കംപാർട്ട്മെന്റിൽ ആണ് ഞാൻ യാത്ര ചെയ്തത്. എന്റെ തൊട്ടടുത്ത് ഒരു വൃദ്ധൻ ഇരിക്കുന്നുണ്ട്. ഞാൻ കയ്യിലുണ്ടായിരുന്ന ഏതോ ഒരു (ഇംഗ്ലീഷ്)പുസ്തകം എടുത്ത് വായിക്കാൻ തുടങ്ങി. (മലയാളം പുസ്തകങ്ങൾ മാത്രം വായിച്ചിരുന്ന എനിക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥി ആയതിന് ശേഷം ഇംഗ്ലീഷ് ബുക്സ് ഒരു നിർബന്ധിത ശീലമായി മാറിയിരുന്നു).
ഇടയ്ക്ക് അടുത്തിരുന്ന ആള് പതിഞ്ഞ സ്വരത്തിൽ ഫോണിൽ ആരോടൊക്കെയോ സംസാരിക്കുന്നത് കേൾക്കാം. പ്രായത്തിന് വളരെ മുതിർന്ന ആളായത് കൊണ്ട് ഞാൻ ആ ഭാഗത്തേക്ക് ശ്രദ്ധിച്ചതേ ഇല്ല. ഇടക്കെപ്പോഴോ മയക്കത്തിലേക്കും വീണു പോയിരുന്നു. അങ്ങനെ കോഴിക്കോട് എത്താറായി. അടുത്തിരുന്ന വ്യക്തി ആരെയോ വിളിച്ച് എത്താറായ വിവരം അറിയിക്കുന്നുണ്ട്. കോഴിക്കോട് എത്തിയ ഉടനെ ഞാൻ ബാഗ് എടുക്കാനായി എഴുന്നേറ്റു. തലയ്ക്കു മുകളിലെ റാക്കിൽ നിന്നും ബാഗ് വലിച്ചെടുത്ത് താഴേക്ക് നോക്കിയപ്പോൾ ഞാൻ കണ്ട കാഴ്ച.
ഒരു നിമിഷം ഞാൻ ചലിക്കാനാവാതെ അങ്ങനെ നിന്നു പോയി. അടുത്തിരുന്ന ആ പ്രായമായ വ്യക്തി തല ഉയർത്തി എന്നെ പതിയെ നോക്കി. ഞാൻ ഞെട്ടൽ വിട്ടുമാറാതെ ബാഗുമായി എന്റെ സീറ്റിലേക്ക് ഇരുന്നു. ശരീരം പതിയെ വിറക്കുന്നുണ്ടോ? ഇത്ര സമയവും ഞാൻ തൊട്ടടുത്തിരുന്ന് യാത്ര ചെയ്തത് ഇദ്ദേഹത്തിന്റെ കൂടെ ആയിരുന്നോ ? സാഹിത്യപ്രേമികൾ ഒന്നടുത്തു കാണാൻ ആഗ്രഹിക്കുന്ന മലയാളത്തിന്റെ ഇതിഹാസ എഴുത്തുകാരൻ എം ടി വാസുദേവൻ നായർ...
ഞാൻ അത് തിരിച്ചറിഞ്ഞത് ഇറങ്ങുന്നതിന് തൊട്ട് മുന്നെയും. സംസാരിക്കണം. കാൽ തൊട്ട് അനുഗ്രഹം വാങ്ങിക്കണം. പത്താം ക്ലാസ് കഴിഞ്ഞ അവധിക്ക് അച്ഛന്റെ പുസ്തക ശേഖരത്തിൽ നിന്ന് ആദ്യം വായിച്ചു തുടങ്ങിയത് രണ്ടാമൂഴവും നാലുകെട്ടും ഒക്കെ ആണ് എന്ന് പറയണം, ഓട്ടോഗ്രാഫ് വാങ്ങണം... പക്ഷേ ശരീരം അനങ്ങുന്നില്ല, വാക്കുകൾ പുറത്തേക്ക് വരുന്നില്ല.. അപ്പോഴേക്കും ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ എത്തി. ആളുകൾ തിരക്കിട്ട് ഇറങ്ങാൻ തുടങ്ങി.. അദ്ദേഹത്തെ കൂട്ടികൊണ്ട് പോവാൻ വന്ന ആരോ ഞങ്ങളുടെ സമീപത്തെത്തി അദ്ദേഹവുമായി പതിയെ പുറത്തേക്ക് നീങ്ങി. ഞാൻ അത് നോക്കി കുറച്ച് നേരം കൂടി അതേ ഇരുപ്പിരുന്നു...
പിന്നീട് പലപ്പോഴായി ഓർമവരുമ്പോഴൊക്കെ നിരാശയോടെ തലയിൽ കൈവച്ച് പോകുന്ന ഒരു ഓർമ്മയാണ് എനിക്ക് ഇത്. ഇന്നലെ ടിവിയിൽ അദ്ദേഹത്തിന്റെ വിയോഗ വാർത്ത അറിഞ്ഞപ്പോൾ വീണ്ടും നിരാശ കലർന്ന ആ ഓർമ്മ മനസിൽ നിറഞ്ഞു. വായനയിലൂടെ അക്ഷരങ്ങളെ സ്നേഹിച്ച് വളർന്ന തലമുറക്ക് ഒരു വിതുമ്പലോടെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന ഒരു വാർത്ത. മലയാളത്തിന്റെ മഹാസാഹിത്യകാരന് കണ്ണീരിൽ കുതിർന്ന പ്രണാമം...’’ എന്നാണ് ഗായത്രി കുറിച്ചത്. എം.ടി യെ ഒരിക്കല്‍ പോലും നേരിട്ട് കണാനോ സംസാരിക്കാനോ കഴിയാത്ത ഏതൊരാള്‍ക്കും ഇന്നലെ കേട്ട വിയോഗവാര്ത്തയ്ക്കൊപ്പം ഗായത്രി എഴുതിയ വരികളും കൂട്ടിവായിച്ചാല്‍ ആ നൊമ്പരത്തിന്റെ അര്‍ത്ഥം പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിയും.






