
‘തുമ്പിപ്പെണ്ണെ വാ വാ’ എന്ന പാട്ട് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സിലേക്ക് വരുന്ന മുഖമാണ് അശ്വിനി നമ്പ്യാര്‍. തൊണ്ണൂറുകളില്‍ മലയാളം - തമിഴ് സിനിമകളില്‍ നിറഞ്ഞു നിന്ന അഭിനേത്രിയായിരുന്നു അശ്വിനി നമ്പ്യാര്‍. മണിച്ചിത്രത്താഴില്‍ അശ്വിനി അവതരിപ്പിച്ച അല്ലി എന്ന കഥാപാത്രത്തെ മലയാളസിനിമാപ്രേക്ഷകര്‍ മറക്കില്ല. ഈ സിനിമ മാത്രമല്ല ആയുഷ്‌കാലം, കൗരവര്‍, കുടുംബ കോടതി എന്നിങ്ങനെ നിരവധി സിനിമകളില്‍ അശ്വിനി ചെയ്ത വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതാണ്. വിവാഹത്തിന് ശേഷം, ഇന്റസ്ട്രിയില്‍ നിന്നും ബ്രേക്കെടുത്ത് മാറി നില്‍ക്കുന്ന നടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.
ഇപ്പോഴിതാ 32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ജീവിതത്തില്‍ നടന്ന ഒരു ട്രോമയെ കുറിച്ച് പങ്കിടുകയാണ് അശ്വിനി. തന്റെ പതിനേഴാം വയസ്സില്‍ നേരിട്ട ഒരു ട്രോമയെ കുറിച്ചാണ് സെല്‍ഫ് അവേര്‍നെസ്സിന്റെ ഭാഗമായി നടക്കുന്ന, 7 ഡെയ്‌സ് ലൈഫ് ചേഞ്ചിങ് ജേര്‍ണിയില്‍ അശ്വിനി തന്റെ അനുഭവം പങ്കുവച്ചത്.
‘‘പതിനേഴാം വയസ്സില്‍ അച്ഛന്റെ പ്രായമുള്ള ഒരാള്‍ എന്നോട് തെറ്റ് ചെയ്തു. അതിന്റെ ട്രോമ എന്നെ മാനസികമായും ശാരീരികമായും തളര്‍ത്തി. 32 വര്‍ഷത്തോളമായി ആ ഓര്‍മകള്‍ എന്നെ വിട്ട് പോയിരുന്നില്ല. അതൊരു ചീത്ത അനുഭവമായി, ട്രോമയായി ഉള്ളില്‍ തന്നെയുണ്ടായിരരുന്നു. എന്നാല്‍ ഈ ലൈഫ് ചേഞ്ചിങ് ജേര്‍ണിയിലൂടെ എനിക്ക് അത് മറക്കാനും പൊറുക്കാനും സാധിക്കുന്നു.
എന്നെ സംബന്ധിച്ച് ഇതൊരു ഇമോഷണല്‍ ജേര്‍ണിയാണ്. എന്റെ ഉള്ളിലുള്ള ആ ബാഗേജ് മുഴുവനായി പുറത്തെടുത്താല്‍ മാത്രമേ, എനിക്ക് ആ ട്രോമയില്‍ നിന്ന് പുറത്തേക്ക് വരാന്‍ സാധിക്കുമായിരുന്നുള്ളൂ. ഈ ക്ലാസിലൂടെ ആ ബാഗേജ് കുറച്ചു കുറച്ചായി പുറത്തേക്ക് വന്നു. എന്റെ ഉള്ളിലെ നെഗറ്റീവുകള്‍ മാറി, എങ്ങനെ പോസിറ്റീവ് വൈബിലേക്ക് കൊണ്ടുവരാം എന്നാണ് നോക്കിയത്. അതിന് സാധിച്ചു. എനിക്കിപ്പോള്‍ അയാള്‍ക്ക് മാപ്പ് കൊടുക്കാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആ അനുഭവം മറക്കാനും കഴിയും എന്ന് മനസ്സിലായി. അത് എന്റെ കഴിഞ്ഞ കാലമാണെന്ന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നു. ഇനിയൊരിക്കലും ആ കഴിഞ്ഞ കാലത്തേക്ക് തിരിച്ചു പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല...’’ അശ്വിനി പറഞ്ഞു.






