
മെല്‍ബണ്‍: ഓസ്ട്രേലിയയ്ക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ സെഞ്ച്വറി തികച്ച് ഇന്ത്യന്‍ താരം നിതീഷ് കുമാര്‍ റെഡ്ഡി. 171-ാം പന്തില്‍ ബൗണ്ടറിയടിച്ചാണ് നിതീഷ് മൂന്നക്കം തികച്ചത്. തന്റെ അന്താരാഷ്ട്ര ടെസ്റ്റ് കരിയറിലെ കന്നി സെഞ്ച്വറിയാണ് നിതീഷ് മെല്‍ബണില്‍ കുറിച്ചത്. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിന്‍സിന്റെ മൂന്ന് പന്തുകള്‍ പ്രതിരോധിച്ച് മുഹമ്മദ് സിറാജ്, നിതീഷിന് സെഞ്ച്വറിയിലേയ്ക്കുള്ള വഴിയൊരുക്കി. ഒടുവില്‍ സ്കോട്ട് ബോളണ്ടിനെ സ്ട്രൈറ്റ് ബൗണ്ടറി കടത്തിയാണ് നിതീഷ് ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ചത്. പത്ത് ഫോറും ഒരു സിക്സും അടങ്ങുന്നതാണ് നിതീഷിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം ഇന്ത്യ ബാറ്റിങ് പുനഃരാരംഭിച്ചത്. മൂന്നാം ദിനത്തിന്റെ ആദ്യ സെഷനില്‍ തന്നെ റിഷഭ് പന്ത് (28), രവീന്ദ്ര ജഡേജ (17) എന്നിവരെ ഇന്ത്യയ്ക്ക് നഷ്ടമായി. പന്തിനെ സ്കോട്ട് ബോളണ്ട് നഥാന്‍ ലിയോണിന്റെ കൈകളിലെത്തിച്ചപ്പോള്‍ ജഡേജയെ ലിയോണ്‍ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.
നേരത്തെ ഓസീസിനെ 474 റണ്‍സിന് ഓള്‍ഔട്ടാക്കി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായിരുന്നു. പിന്നീട് വണ്‍ഡൗണെത്തിയ രാഹുലിനെയും പുറത്താക്കി പാറ്റ് കമ്മിന്‍സാണ് ഇന്ത്യയ്ക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചത്. നാലാം ദിവസം അവസാനിക്കാന്‍ പത്ത് ഓവര്‍ മാത്രം ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റിന് 153 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. 41-ാം ഓവറില്‍ 118 പന്തില്‍ 82 റണ്‍സെടുത്ത ജയ്സ്വാളിനെ പാറ്റ് കമ്മിന്‍സ് റണ്ണൗട്ടാക്കി. ജയ്സ്വാള്‍ റണ്ണൗട്ടായതോടെയാണ് കാര്യങ്ങള്‍ ഇന്ത്യയുടെ കൈവിട്ടുപോയത്. പിന്നലെ വിരാട് കോഹ്ലി , ആകാശ് ദീപും വിക്കറ്റ് നഷ്ടപ്പെടുത്തി .







Comments