
ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിക്കായുള്ള നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് വന്‍ തോല്‍വി. പരമ്പരയില്‍ ഓസ്ട്രേലിയ 2-1 ന് മുന്നിലെത്തി. 340 റണ്‍സ് വിജയലക്ഷ്യം കണക്കുകൂട്ടി തന്നെ രണ്ടാം ഇന്നിംഗ്സ് ബാറ്റ് ചെയ്ത ഓസീസ് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 155 ന് ചുരുട്ടിക്കെട്ടിയതോടെ 184 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങി. ഇന്ത്യയുടെ സൂപ്പര്ബാറ്റര്മാരായ രോഹിത്ശര്‍മ്മയും വിരാട്കോഹ്ലിയും കാലം കഴിഞ്ഞവരേപ്പോലെ ഇത്തവണയും ചെറിയ സ്കോറിന് പുറത്തായത് വലിയ തിരിച്ചടിയായി മാറി.
ആദ്യ ഇന്നിംഗ്സില്‍ 474 റണ്‍സ് എടുത്ത ഓസീസ് രണ്ടാം ഇന്നിംഗ്സില്‍ 234 റണ്‍സും നേടി. മറുവശത്ത് ഇന്ത്യയുടെ മറുപടി 369 നൃ, 155 നും കഴിഞ്ഞു. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ 84 റണ്‍സ് എടുത്ത യശ്വസ്വീ ജെയ്സ്വാള്‍ ഒഴിച്ചാല്‍ ആര്‍ക്കും തന്നെ കാര്യമായി മറുപടിയുണ്ടായിരുന്നില്ല. ചായസമയം വരെ കളി സമനിലയില്‍ എത്തുമെന്ന് കരുതിയിരുന്നെങ്കിലൂം അവസാന സെഷനില്‍ ബാറ്റര്‍മാര്‍ നടത്തിയ മാര്‍ച്ച് പാസ്റ്റ് ഇന്ത്യയുടെ തോല്‍വി വേഗത്തിലാക്കുകയും ചെയ്തു.
ചായയ്ക്ക് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റിന് 112 എന്ന നിലയില്‍ നിന്ന ഇന്ത്യ 30 റണ്‍സ് എടുത്ത ഋഷഭ് പന്ത് പോയതോടെ ബാക്കിയെല്ലാം വേഗത്തിലായി. നായകന് രോഹിത്ശര്‍മ്മ (ഒമ്പത്) കെ.എല്‍. രാഹുല്‍ (പൂജ്യം) വിരാട്കോഹ്ലി (അഞ്ച്), രവീന്ദ്ര ജഡേജ (രണ്ട്) എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ മുന്നിരയുടേയും മദ്ധ്യനിരയുടേയും സ്കോറുകള്‍. പിടിച്ചു നിന്ന ജെയ്സ്വാള്‍ മടങ്ങിയ ശേഷം എല്ലാം പെട്ടെന്നായിരുന്നു.
നിതീഷ്കുമാര്‍ റെഡ്ഡി (ഒന്ന്), ആകാശ്ദീപ് (എഴ്) ജസ്പ്രതീ ബുംറയ്ക്കും മുഹമ്മദ് സിറാജിനും സ്കോര്‍ തുറക്കാന്‍ പോലുമായില്ല. ആദ്യ ഇന്നിംഗ്സില്‍ 82 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 84 റണ്‍സും നേടിയ ജെയ്സ്വാളിന്റെ പോരാട്ടവും രണ്ടിന്നിംഗ്സിലുമായി ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറെയുമായിരുന്നു ഇന്ത്യന്‍ നിരയില്‍ നന്നായി കളിച്ച രണ്ടു പേര്. ബാക്കിയുള്ള മിക്ക കളിക്കാരും വമ്പന്‍ പരാജയമായി.
മറുവശത്ത് ആദ്യ ഇന്നിംഗ്സില്‍ 140 റണ്‍സ് അടിച്ചു കൂട്ടിയ സ്മിത്തും രണ്ടാം ഇന്നിംഗ്സില്‍ 70 റണ്‍സ് അടിച്ച ലബുഷാനേയും ഓസട്രേലിയന് ഇന്നിംഗ്സുകള്‍ക്ക് കരുത്തു പകരുകയും ചെയ്തു. ഇതോടെ ഇന്ത്യയുടെ ടെസ്റ്റ് ലോകകപ്പ് ഫൈനല്‍ സാധ്യതയ്ക്കും കരിനിഴല്‍ വീണു.


