
മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് 32 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയായിരുന്നു. പരമ്പര ഇന്ത്യ 1-3ന് കൈവിട്ടുവെങ്കിലും ബുമ്രയുടെ പ്രകടനം വേറിട്ടുനിന്നു. എന്നാല്‍ സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ ബുമ്രക്ക് പരിക്കേറ്റത് ഇന്ത്യയുടെ വിജയസാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്തു. പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന ടി20 പരമ്പരകള്‍ക്കുള്ള ടീമില്‍ ബുമ്രക്ക് വിശ്രമം അനുവദിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
ഓസ്ട്രേലിയയില്‍ 151.2 ഓവര്‍ പന്തെറിഞ്ഞ ബുമ്രയുടെ ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് വിശ്രമം അനുവദിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അഞ്ച് ടെസ്റ്റുകളിലെ ഒമ്പത് ഇന്നിംഗ്സുകളിലായി വെറും 151.2 ഓവര്‍ പന്തെറിഞ്ഞതിന്റെ പേരില്‍ ഒരു ബൗളര്‍ക്ക് വിശ്രമം അനുവദിക്കേണ്ട കാര്യമില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ബല്‍വീന്ദര്‍ സിംഗ് സന്ധു പറഞ്ഞു. അമിതജോലിഭാരമെന്ന വാക്ക് ഓസ്ട്രേലിയന്‍ സംസ്കാരത്തില്‍ നിന്നു വന്നതാണെന്നും അഞ്ച് ടെസ്റ്റുകളിലായി 150 ഓവര്‍ പന്തെറിയുന്നത് എങ്ങനെയാണ് അമിതജോലിയാവുന്നതെന്നും ബല്‍വീന്ദര്‍ സിംഗ് സന്ധു ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തില്‍ ചോദിച്ചു. ഒരു മത്സരത്തില്‍ ഒരു ദിവസം 20 ഓവര്‍ പോലും പന്തെറിയാന്‍ കഴിയില്ലെങ്കില്‍ ബുമ്ര ഇനി ഇന്ത്യക്കായി കളിക്കാതിരിക്കുന്നതാണ് നല്ലതെന്നും സന്ധു പറഞ്ഞു.






