
കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടു തര്‍ക്കത്തില്‍ തമിഴ്നാടിനോടുള്ള സമീപനത്തില്‍ കേരള സര്‍ക്കാര്‍ ശക്തമായ നിലപാട് തുടരും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു ഇൗ വിഷയത്തില്‍ തമിഴ്നാടിനോടു മൃദുസമീപനമായിരുന്നുവെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇപ്പോഴത്തെ സര്‍ക്കാരും അതു തുടര്‍ന്നു. ഇനി ഇക്കാര്യത്തില്‍ കൈവിട്ടുകളി വേണ്ടെന്നാണു മുഖ്യമന്ത്രിയുടെ നിര്‍ദേശം.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കേരള സന്ദര്‍ശനത്തിനു തൊട്ടുമുമ്പു മുല്ലപ്പെരിയാര്‍ ഡാമില്‍ ഉപാധികളോടെ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്നാടിനു കഴിഞ്ഞമാസം അനുമതി നല്‍കിയിരുന്നു. ഇതു സ്റ്റാലിന് സര്‍ക്കാരിനോടുള്ള നയതന്ത്രബന്ധത്തിന്റെ ഭാഗമായായിരുന്നു. തമിഴ്നാട്ടിലെ പത്രങ്ങള്‍ കേരളത്തിന്റെ തീരുമാനത്തെ സ്റ്റാലിന്റെ നയതന്ത്രവിജയമായി വിലയിരുത്തുകയും ചെയ്തു. ഇനി ഇത്തരത്തിലുള്ള വിട്ടുവീഴ്ചയൊന്നും അനുവദിക്കേണ്ടെന്നാണു ഇടതു സര്‍ക്കാരിന്റെ തീരുമാനം.
സുപ്രീംകോടതിയില്‍ തിരിച്ചടിയുണ്ടായാല്‍, സര്‍ക്കാരിനു ദോഷം ചെയ്യുമെന്ന വിലയിരുത്തലുണ്ട്. തദ്ദേശ- നിയമസഭ തെരഞ്ഞെടുപ്പുകള്‍ വരുന്നതിനാല്‍, മധ്യകേരളത്തില്‍ മുല്ലപ്പെരിയാര്‍ തെരഞ്ഞെടുപ്പു വിഷയമാകാറുണ്ട്. ഇൗ സാഹചര്യത്തില്‍, സി.പി.എം. ഇടുക്കി ജില്ലാനേതൃത്വത്തിന്റെ നിലപാടും സര്‍ക്കാരിന്റെ നിലപാടുമാറ്റത്തിനു കാരണമായെന്നാണു കരുതുന്നത്.
സൂക്ഷ്മ പരിശോധനയ്ക്കുശേഷം ആറ്റകുറ്റപ്പണി നടത്താന്‍ അനുവദിക്കൂ എന്നായിരുന്നു കേരള സര്‍ക്കാരിന്റെ ആദ്യ നിലപാട്. ഇൗ നിലപാടില്‍നിന്നാണു കേരളം പിന്നോട്ടുപോയത്. നിര്‍മാണ സാമഗ്രികളുമായി എത്തിയ തമിഴ്നാട് വാഹനം കേരളം തടഞ്ഞതും വിവാദമായിരുന്നു. സ്പില്‍വേ, അണക്കെട്ട് സിമെന്റ് പെയിന്റിംഗിന് ഏഴു ജോലികള്‍ക്കായിരുന്നു കഴിഞ്ഞമാസം കര്‍ശന ഉപാധികളോടെ തമിഴ്നാട് ജലവിഭവ വകുപ്പിനു അനുമതി നല്‍കിയത്. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനു സുപ്രീംകോടതി കഴിഞ്ഞയാഴ്ച നോട്ടീസയച്ചു. ഡാം സുരക്ഷാ നിയമപ്രകാരം എന്തെല്ലാം നടപടികളെടുത്തെന്ന് അറിയിക്കാന്‍ ആവശ്യപ്പെട്ടാണു നോട്ടീസ്.
നിയമത്തിനുകീഴില്‍ ചട്ടങ്ങള്‍ രൂപീകരിച്ചോയെന്നു കോടതി ചോദിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം വിശദമായ മറുപടി സത്യവാങ്മൂലം നല്‍കണം. അണക്കെട്ട് സുരക്ഷിതമെന്ന 2006 ലെയും 2014 ലെയും വിധികള്‍ റദ്ദാക്കണമെന്നും ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്നും ആവശ്യപ്പെട്ടാണു അഡ്വ. മാത്യൂസ് നെടുമ്പാറ മുഖേന നല്കിയ ഹര്‍ജി. നിയമമുണ്ടാക്കി മുന്നുവര്‍ഷം കഴിഞ്ഞിട്ടും കേന്ദ്രം ഒന്നും ചെയ്തില്ലെന്നു കേരളം വാദിച്ചു.
ഇൗമാസം 22 നു ഹര്‍ജി വീണ്ടും പരിഗണിക്കുന്നുണ്ട്. അണക്കെട്ടുകളുടെ സമഗ്ര സുരക്ഷാ പരിശോധന നടത്താനുള്ള ഉത്തരവാദിത്വം ഉടമസ്ഥരായ സംസ്ഥാനങ്ങള്ക്കാണെന്നാണു അടുത്തിടെ കേന്ദ്ര ജലശക്തി മന്ത്രാലയം നിലപാട് വ്യക്തമാക്കിയിരുന്നു. കേരളത്തിലാണു സ്ഥിതി ചെയ്യുന്നതെങ്കിലും ഡാമിന്റെ ഉടമസ്ഥാവകാശം തമിഴ്നാടിനാണ്. സമഗ്ര സുരക്ഷാ പരിശോധന തമിഴ്നാടിന്റെ ഉത്തരവാദിത്വമാകുമെന്നാണു കേന്ദ്ര നിലപാട്. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കാനാണു സാധ്യത.






