
തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പ് ചെക്പോസ്റ്റുകളില്‍ വിജിലന്‍സ് പരിശോധനയുണ്ട് 'പിരിക്കരുതെന്ന്' യൂണിയന് വാട്സ്ആപ് ഗ്രൂപ്പില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയതുമായി ബന്ധപ്പെട്ട് മൂന്ന് ഉന്നതോദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍. വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയുടെ നിര്‍ദേശപ്രകാരമാണ് വാട്സ്ആപ് ഗ്രൂപ്പിലെ 'അപായമുന്നറിയിപ്പ്' സംബന്ധിച്ച അനേ്വഷണം.
അഴിമതി സംബന്ധിച്ച വിജിലന്‍സ് പരിശോധന മോട്ടോര്‍ വാഹനവകുപ്പിന്റെ മുകള്‍ത്തട്ടിലേക്കും വ്യാപിപ്പിക്കും. അമരവിള, ആര്യങ്കാവ്, കുമളി ചെക്പോസ്റ്റുകളില്‍ ഡ്യൂട്ടിയിലുള്ളവര്‍ രാത്രി എട്ടിനുശേഷം 'പിരിക്കരുത്' എന്നായിരുന്നു വിജിലന്‍സ് പരിശോധന സംബന്ധിച്ച് യൂണിയന് വാട്സ്ആപ് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ട സന്ദേശം. ഗ്രൂപ്പില്‍ സന്ദേശമിട്ട ഉദ്യോഗസ്ഥനും വിജിലന്‍സ് നിരീക്ഷണത്തിലാണ്. ഇയാളെ ചോദ്യംചെയ്തേക്കും.
പാലക്കാട്, വാളയാറിലെ മോട്ടോര്‍ വാഹനവകുപ്പ് ചെക്പോസ്റ്റില്‍ ഉള്‍പ്പെടെ ദിവസങ്ങള്‍ക്കു മുമ്പ് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണം പിടികൂടിയിരുന്നു. പരിശോധന അമരവിള, ആര്യങ്കാവ്, കുമളി ചെക്പോസ്റ്റുകളിലും ഉണ്ടാകുമെന്ന മുന്നറിയിപ്പാണു വാട്സ്ആപ് ഗ്രൂപ്പില്‍ സഹപ്രവര്‍ത്തകര്‍ക്ക് 'അഭ്യുദയകാംക്ഷികള്‍' നല്‍കിയത്.






