
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എഎപി നേതാവ് അരവിന്ദ് കെജ്രിവാളിനും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും പുതിയ കുരുക്ക്. മദ്യവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുമതി നല്കി.
മദ്യനയക്കേസിലെ ക്രമക്കേടുകളുടെ സൂത്രധാരന്‍ കെജ്രിവാളാണെന്നാണ് ഇ.ഡി. പറയുന്നത്്. ഇതേകേസില്‍ മനീഷ് സിസോദിയയ്ക്കെതിരേ ഏജന്‍സിയുടെ പ്രോസിക്യൂഷന് നീക്കത്തിനും ആഭ്യന്തര മന്ത്രാലയം അനുമതി നല്കി. പൊതുപ്രവര്‍ത്തകരെ പ്രോസിക്യൂട്ട് ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്വെസ്റ്റിഗേഷനെപ്പോലെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് നവംബറില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. വിധി വന്ന് ആഴ്ചകള്‍ക്ക് ശേഷം, തനിക്കെതിരായ കുറ്റപത്രം പരിഗണിക്കാനുള്ള വിചാരണ കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് കെജ്രിവാള് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുമതിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ കേസിലെ പുതിയ സംഭവവികാസങ്ങള്‍ ആംആദ്മി നേതാക്കള്‍ക്ക് തിരിച്ചടിയാകും. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ അറസ്റ്റിലായ കെജ്രിവാളും സിസോദിയയും ഇപ്പോള്‍ ജാമ്യത്തിലാണ്. ഇരു നേതാക്കളും തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു, രാഷ്ട്രീയ എതിരാളികളെ ഉപദ്രവിക്കാന്‍ അന്വേഷണ ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നാണ് ആരോപിച്ചു.






