
മുംബൈ; ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിനെക്കുറിച്ച് വിശദീകരിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. സിറാജിനെ ഒഴിവാക്കേണ്ടിവന്നത് നിര്‍ഭാഗ്യകരമാണെന്ന് രോഹിത് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
സിറാജിനെ ഒഴിവാക്കേണ്ടിവന്നത് നിര്‍ഭാഗ്യകരമാണ്. പഴയ പന്തില്‍ സിറാജിന് മികവ് കാട്ടാനാവുന്നില്ല എന്നത് ഒരു വസ്തുതയാണ്. ന്യൂബോളില്‍ സിറാജിനെ ഇപ്പോള്‍ ഉപയോഗിക്കുന്നുമില്ല. അതുകൊണ്ട് വേറെ മാര്‍ഗമില്ലാത്തതുകൊണ്ടാണ് സിറാജിനെ ഒഴിവാക്കിയത്. പുതിയ പന്തിലും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും ഒരുപോലെ പന്തെറിയാന്‍ കഴിയുന്ന ബൗളര്‍മാരെയാണ് ടീമിലേക്കായി പരിഗണിച്ചത്-രോഹിത് വ്യക്തമാക്കി.
2022ല്‍ ഏകദിനിങ്ങളില്‍ 23.4 ശരാശരിയില്‍ 24 വിക്കറ്റെടുത്ത മുഹമ്മദ് സിറാജ് 2023ല്‍ 20.6 ശരാശരിയില്‍ 44 വിക്കറ്റുകള്‍ വീഴ്ത്തി മിന്നും ഫോമിലായിരുന്നു. ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ 21 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത പ്രകടനത്തോടെ ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താനും സിറാജിനായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ ആകെ ആറ് ഏകദിനങ്ങളില്‍ മാത്രം കളിച്ചപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് സിറാജ് നേടിയത്.






