
ന്യൂഡല്‍ഹി: ഛത്തീസ്ഗഡ്-ഒഡീഷ അതിര്‍ത്തിയിലെ വനത്തില്‍ തിങ്കളാഴ്ച വൈകിട്ടുണ്ടായ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ചലപതി എന്നറിയപ്പെടുന്ന മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡി ഉള്‍പ്പെടെ 14 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിലെ ഗാരിയബന്ദ് ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 14 പേരില്‍ ഒരു കോടി രൂപ തലയ്്ക്ക് വിലയിട്ടിട്ടുളളയാള് വരെയുണ്ടായിരുന്നു.
ഒഡീഷയിലെ നുവാപാഡ ജില്ലയുടെ അതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള ഛത്തീസ്ഗഡിലെ കുളാരിഘട്ട് റിസര്‍വ് വനത്തിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ നിവാസിയായിരുന്ന ചലപതി, ഛത്തീസ്ഗഡിലെ ബസ്തറിലെ അബുജ്മദിലെ നിബിഡവനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ടയാളാണ്. ഏകദേശം 60 വയസ്സുള്ള അദ്ദേഹം, അബുജ്മദ് പ്രദേശത്ത് വര്‍ദ്ധിച്ചുവരുന്ന ഏറ്റുമുട്ടലുകളുടെ ആവൃത്തി കാരണം കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് തന്റെ താവളം മാറ്റുകയും സുരക്ഷിതമായ പ്രവര്‍ത്തന മേഖല തേടി ഒഡീഷ അതിര്‍ത്തിക്ക് സമീപം മാറുകയും ചെയ്തുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു. മാവോയിസ്റ്റുകള്‍ക്ക് വേണ്ടി തന്ത്രങ്ങള്‍ മെനയുന്നതിലും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലും ചലപതി മുഖ്യ പങ്ക് വഹിച്ചിരുന്നയാളാണെന്നാണ് കണ്ടെത്തല്‍. 8 മുതല്‍ 10 വരെ പേഴ്സണല്‍ ഗാര്‍ഡുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നെന്നാണ് സുരക്ഷാ വിശദാംശങ്ങളില്‍ പറയുന്നത്.
ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി), സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്), ഛത്തീസ്ഗഡില്‍ നിന്നുള്ള കോബ്ര, ഒഡീഷയില്‍ നിന്നുള്ള സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ് (എസ്ഒജി) എന്നിവിടങ്ങളില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച ഓപ്പറേഷനില്‍ പങ്കെടുത്തത്. ഒരു സെല്‍ഫ് ലോഡിംഗ് റൈഫിള്‍ ഉള്‍പ്പെടെയുള്ള വലിയ തോക്കുകളും വെടിക്കോപ്പുകളും ഐഇഡികളും ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് കണ്ടെടുത്തൂ.
2024ല്‍ ഛത്തീസ്ഗഡില്‍ സുരക്ഷാ സേന 200-ലധികം മാവോയിസ്റ്റുകളെ വധിച്ചു. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട 219 മാവോയിസ്റ്റുകളില്‍ 217 പേരും ബസ്തര്‍, ദന്തേവാഡ, കാങ്കര്‍, ബീജാപൂര്‍, നാരായണ്‍പൂര്‍, കൊണ്ടഗാവ്, സുക്മ ജില്ലകള്‍ ഉള്‍പ്പെടുന്ന ബസ്തര്‍ മേഖലയില്‍ നിന്നുള്ളവരാണ്. 2024ല്‍ മാവോയിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തില്‍ 18 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജീവന് നഷ്ടപ്പെട്ടപ്പോള്‍ മാവോയിസ്റ്റ് അക്രമത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 65 ആണ്. 800 ഓളം മാവോയിസ്റ്റുകളും അറസ്റ്റിലായി, 802 പേര് ആയുധം താഴെ വച്ചത്.






