
മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരകുടുംബമാണ് സുകുമാരന്റേത്. താരത്തിന്റെ അകാലമരണം കുടുംബത്തെ ആകെ നൊമ്പരപ്പെടുത്തിയെങ്കിലും ഭാര്യ മല്ലിക സുകുമാരന്‍ മക്കളായ ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും സുകുമാരന്റെ ആഗ്രഹം പോലെ തന്നെ വെള്ളിത്തിരയിലെ വലിയ താരങ്ങളാക്കി. മല്ലികയും മകന് ഇന്ദ്രജിത്തും ഭാര്യ പൂര്‍ണ്ണിമയും അഭിനയരംഗത്ത് ഇപ്പോഴും സജീവമാണ്. പൃഥ്വിരാജാകട്ടെ അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞു. പൃഥ്വിയുടെ ഭാര്യ സുപ്രിയയുഗ സിനിമാ നിര്‍മ്മാണവുമായി കലാരംഗത്തുണ്ട്.
അപ്പൂപ്പനും അമ്മൂമ്മയ്ക്കും അച്ഛനും അമ്മയ്ക്കും കൊച്ചച്ചനും പിന്നാലെ കലാമേഖലയില്‍ സജീവമായ നില്ക്കുന്ന താരപുത്രിയാണ് ഇന്ദ്രജിത്തിന്റെയും പൂര്‍ണ്ണിമയുടെയും മകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. പ്രാര്‍ത്ഥന തിളങ്ങുന്നത് സംഗീതരംഗത്താണ്. കൊച്ചച്ചന്റെ ഏറ്റവും പുതിയ സിനിമയായ എമ്പുരാനിലും പാടിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് താരപുത്രി. എന്നാല്‍ പലപ്പോഴും വേഷവിധാനത്തിന്റെ പേരില്‍ പ്രാര്‍ത്ഥന ട്രോളുകളും ഏറ്റുവാങ്ങാറുണ്ട്. അതീവഗ്ലാമറസ്സായി താരപുത്രി പങ്കിടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ കാഴ്ചക്കാര്‍ വിമര്‍ശിക്കാറുമുണ്ട്.
ഇപ്പോഴിതാ ഇന്നത്തെ തലമുറയിലെ പേരന്റിംഗ് വളരെ ബുദ്ധിമുട്ടാണെന്നും തന്റെ മകളുടെ സ്വകാര്യതയെ താന്‍ മാനിക്കാറുണ്ടെന്നും പറയുകയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ‘‘ഇന്നത്തെ കാലത്തെ പേരന്റിംഗ് വളരെ ബുദ്ധിമുട്ടാണ്, വളരെ ചലഞ്ചിംഗാണ്. നേരത്തെ വീടുകള്‍ക്ക് ഉള്ളില്‍ മാത്രമായിരുന്നു അത്. ഇപ്പോഴത് പുറത്തുമുണ്ടല്ലോ. രണ്ടു പെണ്മക്കളുടെ അമ്മയെന്ന നിലയില്‍, ഒരു മകള്‍ കടന്നുപോയതെല്ലാം അവളുടെ യാത്രയെ ആശ്രയിച്ചിരിക്കുന്നതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നുണ്ട്. അവൾ ഇപ്പോൾ പ്രായപൂർത്തിയായ ആളാണ്. അവളുടെ സ്വകാര്യതയെ ഞാന്‍ മാനിക്കണം.
പൊതുവായി പറഞ്ഞാല്‍, ഇന്നത്തെ തലമുറയിലെ ചെറുപ്പക്കാർ ശരിക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഒരുപാട് എന്‍.ജി.ഒ കളുമായി ഞാന്‍ സഹകരിക്കുന്നുണ്ട്. അവരിലൂടെ ഞാന്‍ കൂടുതല്‍ ചെറുപ്പക്കാരെ അറിയുന്നുണ്ട്. എനിക്ക് തോന്നുന്നത് നമ്മുടെ സമൂഹം കുട്ടികളോട് ദയയുള്ളവരല്ല എന്നാണ്, അതും ഒരുപാട് കാര്യങ്ങളില്‍. ഒരു സമൂഹത്തില്‍ എല്ലാ വിഭാഗത്തിലുള്ള ആളുകളുമുണ്ടല്ലോ. കുട്ടികള്‍ക്കുണ്ടായ മാനസിക സമ്മര്‍ദ്ദങ്ങളും അവരുടെ ബുദ്ധിമുട്ടുകളുമൊക്കെ സംസാരിക്കുന്നത് പ്രായമുള്ളവരുടെ വ്യൂ പോയിന്റിലൂടെയാണ്. അവരുടെ ഭാഗത്തു നിന്നുള്ള നറേഷന്സ് വരണം. കാരണം അവർ നാളത്തെ നമ്മുടെ തലമുറകളാണ്...
പേരന്റിംഗ് എന്നത് ലൈഫ് ലോംഗ് കമ്മിറ്റ്മെന്റാണ്. അതില്‍ ഒരു എക്സിറ്റ് ഇല്ല. ഞാനിന്നും ഒരു പ്രശ്നം വന്നാല്‍ അച്ഛനമ്മാരുടെ അടുത്തേക്കാണ് പോകുന്നത്. പേരന്റിംഗ് ഒരു നിരന്തരമായ വ്യായാമമാണ്. അതുകൊണ്ട് സമൂഹത്തിന് അതിനെ വിമര്‍ശിക്കാനാവില്ല. മക്കളാണെങ്കിലും അവരും സ്വതന്ത്ര വ്യക്തികളാണ്. എപ്പോഴും നമുക്ക് അഭിപ്രായങ്ങള്‍ പറയാം, പക്ഷേ തെരഞ്ഞെടുപ്പുകള്‍ തെറ്റാണെന്ന് സമര്‍ത്ഥിക്കുന്നത് ശരിയല്ല. പലപ്പോഴും ഒരാളിനോട് പറയുന്നത് തങ്ങളുടെ മനസ്സില്‍ തോന്നുന്ന ഒരു അഭിപ്രായമാണോ അതോ മറ്റൊരു വ്യക്തിയുടെ ആത്മാവിനെ കൊല്ലുന്നതാണോ എന്ന് ചിന്തിച്ചിട്ടു വേണം അഭിപ്രായം പറയാന്‍...
എന്റെ മക്കളുടെ കാര്യത്തിലും ഞാനെടുക്കുന്ന ഒരു നിലപാടുണ്ട്. ഒരു കുട്ടിയുടെ ചിന്തയില്‍ എപ്പോഴും ആ കുട്ടിയുടേതായ മൂല്യങ്ങളുണ്ട്, സ്വന്തമായി ചില കാഴ്ചപ്പാടുകളുണ്ട്, അവൾ സ്വയം നൽകുന്ന ഒരു ബഹുമാനമുണ്ട്. അതിലേക്ക് കടന്നു ചെന്ന് അവരെ ചോദ്യം ചെയ്യുന്ന ആരെയും ആ കുട്ടിക്ക് ബഹുമാനിക്കാനാവില്ല. അത് മാതാപിതാക്കളാണെങ്കിലും അദ്ധ്യാപകരാണെങ്കിലും സുഹൃത്തുക്കളാണെങ്കിലും സമൂഹമാണെങ്കിലും അങ്ങനെ തന്നെയാണ്...‘‘ പൂര്‍ണ്ണിമ പറയുന്നു.






